മലയാളികൾക്ക് കഠിനാധ്വാനം ചെയ്യാൻ മടി’; ഇതര സംസ്ഥാന തൊഴിലാളികളെ അഭിനന്ദിച്ച് ഹൈക്കോടതി

കൊച്ചി: അന്തർ സംസ്ഥാന തൊഴിലാളികളുടെ സേവനത്തെ അഭിനന്ദിച്ച് ഹൈകോടതി. കേരളത്തിന്റെ വികസനത്തിൽ അന്തർ സംസ്ഥാന തൊഴിലാളികൾ വലിയ സംഭാവന നൽകിയിട്ടുണ്ടെന്ന് ഹൈകോടതി വ്യക്തമാക്കി. കഠിനമായ ​ജോലികൾ ചെയ്യാൻ മലയാളികൾ മടിക്കുകയാണ്. അത്തരം ജോലികൾ ചെയ്യുന്നത് മലയാളികളുടെ ഈഗോയെ മുറിപ്പെടുത്തുകയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഹൈകോടതിയിൽ അന്തർ സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കുന്നവേളയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് പരാമർശം നടത്തിയത്. രജിസ്റ്റർ ചെയ്യാത്ത അന്തർ സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച് ആശങ്ക പങ്കുവെക്കുന്ന ഹരജിയാണ് കോടതിക്ക് മുന്നിലെത്തിയത്. ഇതിനൊപ്പം നെട്ടൂരിലെ കാർഷിക മൊത്തക്കച്ചവട മാർക്കറ്റിൽ നിന്നും അന്തർ സംസ്ഥാന തൊഴിലാളികളെ മാറ്റിനിർത്തണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.

ഹരജി പരിഗണിക്കുന്നവേളയിൽ കോടതി അന്തർ സംസ്ഥാന തൊഴിലാളികൾക്ക് എതിരല്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഈഗോ കാരണം കഠിനാധ്വാനം ചെയ്യാൻ മലയാളികൾക്ക് മടിയാണ്. അവരുള്ളത് കൊണ്ടാണ് നമ്മൾ അതിജീവിച്ച് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരള ഹെഡ്ലോഡ് വർക്കേഴ്സ് വെൽഫയർ ബോർഡ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. രജിസ്ട്രേഷനില്ലാതെ കാർഷിക അർബൻ മൊത്തവ്യാപാര കേന്ദ്രത്തിൽ അന്തർ സംസ്ഥാന തൊഴിലാളികളെ ഉപയോഗിക്കുന്നുവെന്നും ഇത് തടയണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.
മാർക്കറ്റിനകത്ത് തൊഴിലാളികൾ അനധികൃതമായി നിർമാണ പ്രവർത്തനം നടത്തിയെന്നും ഹരജിയിൽ പറയുന്നു. ഇവിടെ തന്നെയാണ് തൊഴിലാളികൾ ഭക്ഷണം പാചകം ചെയ്യുന്നത്. ഇത് തടയണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്. അതേസമയം, ആരോപണങ്ങളിൽ ജില്ലാ കലക്ടറോടും കാർഷിക അർബൻ മൊത്തകച്ചവട മാർക്കറ്റ് ഡയറക്ടറോടും റിപ്പോർട്ട് നൽകാൻ ഹൈകോടതി നിർദേശിച്ചു.
Previous Post Next Post