വായിൽ കല്ലുതിരുകിയ ശേഷം ചവണ ഉപയോഗിച്ച് പല്ലു പറിച്ചെടുത്തു; കസ്റ്റഡിയിൽവച്ചു പ്രതികളെ പീഡിപ്പിച്ചത് ക്രൂരമായി; പൊലീസ് ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുവാദം നൽകി തമിഴ്‌നാട് സർക്കാർചെന്നൈ: കസ്റ്റഡിയിലുള്ള പ്രതികളെ അതിക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ സസ്‌പെൻഷനിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി തമിഴ്‌നാട് സർക്കാർ. കസ്റ്റഡിയിലെടുത്ത പ്രതികളുടെ പല്ലുകൾ ചവണ ഉപയോഗിച്ച് പിഴുതെടുത്തതടക്കം ആരോപണം നേരിടുന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ബൽവീർ സിങ്ങിനെയാണ് പ്രോസിക്യൂട്ട് ചെയ്യുക. ബൽവീർ സിങ്ങിനെതിരായ നാലു കേസുകളിൽ തമിഴ്‌നാട് ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി. ഇയാൾക്കെതിരെ ഉടൻ കുറ്റപത്രം സമർപ്പിക്കും.


അംബാസമുദ്രം മുൻ എ എസ് പിയാണ് മുപ്പത്തൊൻപതുകാരനായ ബൽവീർ സിങ്. ബൽവീർ സിങ്ങും മറ്റു പൊലീസുകാരും ചേർന്നു പീഡിപ്പിച്ചെന്ന വിവരം 2023 മാർച്ചിലാണു പുറത്തുവന്നത്. തുടർന്ന് പ്രാഥമിക അന്വേഷണത്തിനു ശേഷം മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ബൽവീർ സിങ്ങിനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.


വായിൽ കല്ലുതിരുകിയ ശേഷം ചവണ ഉപയോഗിച്ച് പല്ലു പറിച്ചെടുത്തു എന്നതാണ് ബൽവീർ സിങ്ങിനെതിരായ കുറ്റം. ബൽവീർ സിങ്ങിനെതിരെ സമാനമായ ആരോപണവുമായി പതിനഞ്ചോളം പേരാണ് രംഗത്തുവന്നത്. തിരുനെൽവേലിയിലെ ശിവന്തിപുരത്ത് ഇറച്ചിക്കട നടത്തുന്ന സഹോദരങ്ങളായ മാരിയപ്പൻ, ചെല്ലപ്പൻ എന്നിവരും പരാതിക്കാരുടെ കൂട്ടത്തിലുണ്ട്. വൃഷണം തകർത്തതായും നിരവധി ഇരകൾ ആരോപിച്ചു.


ഇരയായ സുബാഷ് എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഏപ്രിലിൽ ബൽവീർ സിംഗിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 323 (സ്വമേധയാ മുറിവേൽപ്പിക്കൽ), 324, 326 (അപകടകരമായ ആയുധങ്ങളോ മാർഗങ്ങളോ ഉപയോഗിച്ച് സ്വമേധയാ മുറിവേൽപ്പിക്കൽ), 506 (1) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.


രാജസ്ഥാനിലെ ടോങ്കിൽ ജനിച്ച ബൽവീർ സിങ്, ഐഐടി ബോംബെയിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ് പൂർത്തിയാക്കിയ ശേഷമാണ് സിവിൽ സർവീസിലേക്കു വരുന്നത്. 2020ലാണ് ബൽവീർ ഐപിഎസ് സ്വന്തമാക്കിയത്. അതിനു മുൻപ് ആറു വർഷത്തോളം ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ജോലി ചെയ്തിരുന്നു


ആരോപണങ്ങൾ അന്വേഷിക്കാൻ തമിഴ്‌നാട് സർക്കാർ നിയോഗിച്ച ഐഎഎസ് ഉദ്യോഗസ്ഥ പി അമുദ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.


ഐപിഎസ് ഉദ്യോഗസ്ഥനെ 'സംരക്ഷിക്കാൻ' സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്നും അദ്ദേഹത്തിനെതിരെ നടപടിയെടുക്കുന്നതിൽ കാലതാമസമുണ്ടെന്നും ആരോപിച്ച് പ്രതിപക്ഷ പാർട്ടികളും മനുഷ്യാവകാശ പ്രവർത്തകരും വിമർശനം ഉന്നയിച്ചിരുന്നു.

Previous Post Next Post