മന്തക്കര മഹാഗണപതിയുടെ തേരിറങ്ങി; കൽപ്പാത്തി അഗ്രഹാരവീഥികൾ ഭക്ത്രിസാന്ദ്രംപാലക്കാട്: കൽപ്പാത്തിയിലെ അഗ്രഹാരവീഥികളെ ഭക്ത്രിസാന്ദ്രമാക്കി രഥപ്രയാണത്തിന്റെ രണ്ടാം ദിനം. മന്തക്കര മഹാഗണപതിയുടെ തേര് രാവിലെ 11 മണിയോടെ അഗ്രഹാരവീഥികളിൽ പ്രയാണത്തിനിറങ്ങി. ഒന്നാം തേരുത്സവ ദിനത്തിൽ പ്രയാണം അവസാനിപ്പിച്ച വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ രഥങ്ങൾ കൂടി ഇന്ന് പ്രയാണത്തിനിറങ്ങി. നാളെ വൈകിട്ട് കൽപ്പാത്തിയിൽ ദേവരഥ സംഗമം നടക്കും.

കൽപ്പാത്തിയിലെ രണ്ടാം തേരുത്സവ ദിവസമായ ഇന്ന് മന്തക്കര മഹാഗണപതിയുടെ തേര് കൂടി അഗ്രഹാരവീഥിയിൽ ഇറങ്ങിയതോടെ കൽപ്പാത്തി രഥോത്സവം തേർക്കാഴ്ച്ചകളാൽ ധന്യമായി. ഒന്നാം ദിനമായ ഇന്നലെ പ്രയാണം നടത്തിയ കൽപ്പാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ ശിവ - പാർവതിമാരെയും ഗണപതിയെയും വള്ളീസമേത സുബ്രഹ്മണ്യനെയും ഏറ്റിയ തേരുകൾ ഇന്ന് പഴയ കൽപ്പാത്തിയിലേക്ക് വീണ്ടും പ്രയാണം ആരംഭിച്ചു.ജാതിമതപ്രായഭേദമന്യേ നൂറുകണക്കിന് ആളുകളാണ് തേര് വലിക്കാൻ അഗ്രഹാരവീഥിയിൽ എത്തിയത്. തിരക്ക് വർധിച്ചതോടെ വൻ സുരക്ഷാ സംവിധാനങ്ങളാണ് പോലീസും ജില്ലാ ഭരണകൂടവും ഒരുക്കിയിട്ടുള്ളത്. മൂന്നാം ദിവസമായ നാളെ ലക്ഷ്മി നാരായണ പെരുമാൾ സ്വാമി ക്ഷേത്രത്തിലെ രഥവും ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലെ രഥവും കൂടി കൽപ്പാത്തിയുടെ അഗ്രഹാരവീഥിയിൽ എത്തും.ആരോഗ്യവകുപ്പ്, പോലീസ്, കെഎസ്ഇബി, ഫയർ ഫോഴ്‌സ് എന്നിവയുടെ മുഴുവൻ സമയ സേവനവും രഥോത്സവത്തിന്റെ ഭാഗമായി ഉറപ്പാക്കിയിട്ടുണ്ട്. നാലു ക്ഷേത്രങ്ങളിൽ നിന്നായുള്ള ആറ് രഥങ്ങൾ നാളെ ഗ്രാമവീഥിയിലൂടെയുള്ള രഥപ്രയാണത്തിന് ശേഷം വൈകിട്ട് തേര് മുട്ടിയിൽ സംഘമിക്കും. പിന്നീട് ആയിരങ്ങൾ പങ്കെടുക്കുന്ന ദേവരഥസംഗമമായി മാറും.
Previous Post Next Post