യാത്രക്കാരെ വലച്ച് വീണ്ടും എയര്‍ ഇന്ത്യ എക്സ്പ്രസ്

 


മസ്കറ്റ്: മസ്കറ്റിൽ നിന്നും കോഴിക്കോട്ടേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി. വ്യാഴാഴ്ച രാവിലെ 11.40ന് മസ്കറ്റില്‍ നിന്ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഐ എക്സ് 442 ആണ് വെെകിയത്. വിമാനം മണിക്കൂറുകളോളം വെെകിയത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. യാത്രാമദ്ധ്യേ മുംബൈയില്‍ അടിയന്തരമായി വിമാനം ഇറക്കുകയും ചെയ്തു. വിമാനം വെെകിയ കാര്യം യാത്രക്കാർ അറിയുന്നത് വിമാനത്താവളത്തില്‍ എത്തി ചെക്ക് ഇന്‍ നടപടികള്‍ പൂർത്തിയാക്കിയ ശേഷം ആയിരുന്നു.

മസ്കറ്റിൽ നിന്നും ഉച്ചക്ക് മൂന്ന് മണിയോടെയാണ് വിമാനം പുറപ്പെട്ടത്. എന്നാൽ രാത്രിയോടെ വിമാനം മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. ഇതേടെ നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ഇവിടെ ഇറങ്ങിയ യാത്രക്കാർ ഏറെ വലഞ്ഞു. രാത്രി വൈകിയിട്ടും വിമാനം മുംബൈയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ടില്ല.


സാങ്കേതിക തകരാര്‍ ആണ് വിമാനം വെെകിയതിന് കാരണം എന്നാണ് എയര്‍ ഇന്ത്യ അധികൃതർ നൽകുന്ന വിശദീകരണം. മസ്കറ്റില്‍ ബോര്‍ഡിങ് പാസ് എടുത്ത ശേഷമാണ് പലരും വിവരം അറിഞ്ഞത്. അതിന് മുമ്പ് ആർക്കും ഒരു വിവരവും നൽകിയിരുന്നില്ല.ഇതിനിടെയാണ് എയർ ഇന്ത്യ എക്സ്പ്രസ് കഴിഞ്ഞ ദിവസം ഒരു പ്രഖ്യാപനം നടത്തിയത്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള തങ്ങളുടെ സർവീസ് വർധിപ്പിക്കാൻ പോകുന്നു. വിമാനങ്ങളുടെ എണ്ണം കൂട്ടുന്നതിനൊപ്പം ആണ് സർവീസ് വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. പ്രവാസികളായ യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്ന തീരുമാനം ആണ് ഇത്. എന്നാൽ വിമാനം വെെകുന്നത്, അറിയിപ്പില്ലാതെ റദ്ദാക്കൽ തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം വലിയ തലവേദയാണ് പ്രവാസികൾക്ക്. ഇതെല്ലാം പരിഹരിച്ചാണ് പുതിയ സർവീസുകൾ ആരംഭിക്കാൻ പോകുന്നതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് എം.ഡി അലോക് സിങ് പറഞ്ഞു.

അൻപതോളം വിമാനങ്ങൾ മാർച്ച് മാസത്തോടെ എത്തും. ആകെ വിമാനങ്ങളുടെ എണ്ണവും വർധിക്കും. പുതിയ റൂട്ടുകളും, സമയക്രമങ്ങളും എല്ലാം മാറ്റം വരുത്തും. ഇതെല്ലാം യാത്രക്കാരെ അറിയിക്കും. മൊത്തം 70 വിമാനങ്ങൾക്കാണ് ഇപ്പോൾ ഓർഡർ നൽകിയിരിക്കുന്നത്. ഇതിന്റെ നടപടിക്രമങ്ങൾ ആറ് മാസത്തിനുള്ളിൽ പൂർത്തിയാകും. 15 മാസത്തിനകം വലിയ മാറ്റങ്ങൾ കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കും എന്നാണ് അധികൃതർ പറയുന്നത്. റൂട്ടുകൾ വികസിപ്പിച്ച് തന്നെയായിരിക്കും മാറ്റങ്ങൾ വരുന്നത്.ജിസിസി രാജ്യങ്ങളിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് കൂടുതലായി സർവീസ് നടത്തുന്നത്. യുഎഇയിലേക്ക് സർവീസ് നടത്തുന്നതിനാണ് ഇപ്പോൾ കൂടുതൽ പരിഗണന നൽകുന്നത്. ദുബായിൽ വ്യാപാര പങ്കാളികൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ ആണ് വിമാനം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച നടത്തിയത്. ഇപ്പോൾ യാത്രക്കാർ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കും എന്നാണ് അധികൃതർ നിരീക്ഷിക്കുന്നത്. വിമാനം വൈകൽ സർവീസുകൾ റദ്ദാക്കുന്നത് തുടങ്ങിയ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം ആകുമെന്ന് അധികൃതർ പറഞ്ഞു.
Previous Post Next Post