ഛത്തീസ്ഗഡ്, മിസോറം സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു




ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ രണ്ടിടത്ത് ഇന്ന് വോട്ടെടുപ്പ് ആരംഭിച്ചു.

 ഛത്തീസ്ഗഡ്, മിസോറം എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും രാവിലെ ഏഴ് മണിമുതൽ വോട്ടെടുപ്പ് ആരംഭിച്ചു. നാല് മണിവരെ വോട്ടെടുപ്പ് തുടരും.

ഛത്തീസ്ഗഡിൽ 20 മണ്ഡലങ്ങളിലേക്കും, മിസോറമിൽ 40 നിയമസഭാ സീറ്റുകളിലേക്കുമുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്.
ഛത്തീസ്ഗഡിൽ ആദ്യ ഘട്ട വോട്ടെടുപ്പാണ് ഇന്ന്. മിസോറാമിൽ ഇന്ന് മാത്രമായി ഒറ്റ ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇരു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ അടുത്ത മാസം മുന്നിന് നടക്കും.

മാവോയിസ്റ്റ് ഭീകര ബാധിത മേഖലകൾ ആയ ബസ്തർ, ദന്തേവാഡ, സുക്മ, ബീജാപൂർ, കാങ്കീർ, രാജ്‌നന്ദഗാവ് നാരായൺപൂർ തുടങ്ങിയ ജില്ലകളിലെ മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ്. 

അതീവ സുരക്ഷയിൽ ആണ് വോട്ടെടുപ്പ് നടക്കുന്നത്. സംഘർഷ സാദ്ധ്യതയുള്ള പോളിംഗ് ബൂത്തുകളിൽ കൂടുതൽ പോലീസ് ഉൾപ്പെടെ വിന്യസിച്ചിട്ടുണ്ട്. 

25 സ്ത്രീകൾ ഉൾപ്പെടെ 223 സ്ഥാനാർത്ഥികൾ ആണ് ഛത്തീസ്ഗഡിൽ ആദ്യ ഘട്ടത്തിൽ മത്സരിക്കുന്നത്. 40,78,681 വോട്ടർമാർ ഇന്ന് വിധിയെഴുതും. ഇതിൽ 19,93,937 പുരുഷ വോട്ടർമാരും, 20,84,675 സ്ത്രീ വോട്ടർമാരും, 69 മൂന്നാം ലിംഗക്കാരുമാണ് ഉള്ളത്. 5304 പോളിംഗ് സ്‌റ്റേഷനുകളാണ് മണ്ഡലങ്ങളിൽ സജ്ജീകരിച്ചിരിക്കുന്നത്. 90 നിയമസഭാ സീറ്റുകൾ ആണ് ഛത്തീസ്ഗഡിലുളളത്.

മിസോറാമിൽ 8.57 ലക്ഷം വോട്ടർമാരാണ് ഉള്ളത്. ഇതിൽ 4.39 ലക്ഷം പേർ സ്ത്രീകളാണ്. 40 സീറ്റുകളിലേക്കായി 174 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്


Previous Post Next Post