സ്വയം നിയന്ത്രിത, നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയിലെ വാഹനമാണ് ഇതിനായി രൂപപ്പെടുത്തിയിട്ടുള്ളത്. വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്നവരെക്കുറിച്ചും രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങളെ കുറിച്ചും വിവരങ്ങള്‍ ശേഖരിച്ച് നല്‍കാനും അധികൃതര്‍ക്ക് അറിയിപ്പ് നല്‍കാനും ഇത് ഉപകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
എം.ഒ 2 എന്ന് പേരിട്ട വാഹനം തുടര്‍ച്ചയായി 16 മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കും. അതേസമയം, സംവിധാനം എന്നു മുതലാണ് നടപ്പിലാക്കുകയെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. അധികം വൈകില്ലെന്നും അധികൃതര്‍ വെളിപ്പെടുത്തി. നഗരത്തിലെ വിവിധ മേഖലകളിലൂടെ വാഹനം സഞ്ചരിച്ച് വ്യക്തികളുടെ മുഖവും വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റും സ്‌കാന്‍ ചെയ്താണ് വിവരങ്ങള്‍ ശേഖരിക്കുക. രാജ്യത്ത് നിയമ വിരുദ്ധമായി താമസിക്കുന്നവരെയും ഇതുവഴി കണ്ടെത്താന്‍ സാധിക്കും.
വാഹനം ശേഖരിക്കുന്ന വിവരങ്ങള്‍ പൊലീസ് സംവിധാനത്തില്‍ ലഭിക്കുകയും അധികൃതര്‍ ഇതിനനുസരിച്ച് നടപടികളെടുക്കുകയും ചെയ്യും. ദുബൈ എയര്‍ഷോയില്‍ ഒരുക്കിയ ദുബൈ പൊലീസിന്റെ സ്റ്റാളിലാണ് സംവിധാനം പരിചയപ്പെടുത്തിയിരിക്കുന്നത്. നിരീക്ഷണവും വിവരങ്ങള്‍ ശേഖരിക്കലുമാണ് വാഹനത്തിന്റെ ഉപയോഗത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
360 ഡിഗ്രി ക്യാമറയാണ് വാഹനത്തില്‍ സജ്ജീകരിക്കുന്നത്. ഇതു കടന്നുപോകുന്ന ചുറ്റുപാടിലെ എല്ലാ ഭാഗങ്ങളിലെയും വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കും.സംശയാസ്പദമായ സാഹചര്യങ്ങളില്‍ കാണപ്പെടുന്ന വസ്തുക്കളെ പരിശോധിക്കാന്‍ മോഷന്‍ ഡിറ്റക്റ്ററും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടുതല്‍ പൊലീസ് സേനയുടെ ആവശ്യമുള്ള പ്രദേശങ്ങളെയും സ്ഥലങ്ങളെയും കുറിച്ചും വിവരങ്ങള്‍ നല്‍കാന്‍ ഇതിന് സാധിക്കും