കോട്ടയത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ.



 കോട്ടയം: യുവതിക്ക് ടീച്ചർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.  തിരുവനന്തപുരം, നേമം ഗുരുദേവ നഗർ ഭാഗത്ത് ദേവനന്ദനം വീട്ടിൽ സജിൻ ദേവ് (33) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഏറണാകുളത്ത് കൺസൾട്ടൻസി സ്ഥാപനം  നടത്തിയിരുന്ന ഇയാൾ പുതുപ്പള്ളി സ്വദേശിനിയായ യുവതിയിൽ നിന്നും എൻ.എസ്.എസിന്റെ ഉടമസ്ഥതയിലുള്ള ഏതെങ്കിലും ഹയർസെക്കൻഡറി സ്കൂളിൽ ടീച്ചർ ആയി ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ്  പലതവണകളായി 10 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ജോലി നൽകാതെയും, പണം തിരികെ നൽകാതെയും ഇയാൾ കടന്നു കളയുകയും ചെയ്തു. യുവതിയുടെ പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നടത്തിയ തിരച്ചിൽ ഇയാളെ മൈസൂരിൽ നിന്നും പിടികൂടുകയായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.ഐ അനിൽകുമാർ കെ, സി.പി.ഓ മാരായ യേശുദാസ്, പ്രതീഷ് രാജ്, അജിത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. സജിൻ ദേവിന് കണ്ണൂർ കുടിയാൻമല പോലീസ് സ്റ്റേഷനിൽ സമാനമായ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Previous Post Next Post