കേരളത്തിലാദ്യമായി ബി.എസ്.സി. ന്യൂക്ലിയാര്‍ മെഡിസിന്‍ കോഴ്‌സ്; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആരംഭിക്കുമെന്ന് വീണാ ജോർജ്സംസ്ഥാനത്ത് ആദ്യമായി ബി.എസ്.സി. ന്യൂക്ലിയാര്‍ മെഡിസിന്‍ ടെക്‌നോളജി കോഴ്‌സ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 6 സീറ്റുകളുള്ള കോഴ്‌സിനാണ് അനുമതി നല്‍കിയത്. ഇന്ത്യയില്‍ തന്നെ വളരെ കുറച്ച് മെഡിക്കല്‍ കോളേജുകളില്‍ മാത്രമാണ് ഈ കോഴ്‌സുള്ളത്.പുതിയ കോഴ്‌സ് ആരംഭിക്കുന്നതോടെ നൂതനമായ ന്യൂക്ലിയാര്‍ മെഡിസിന്‍ ടെക്‌നോളജിയില്‍ കൂടുതല്‍ വിദഗ്ധരെ സൃഷ്ടിക്കാന്‍ സാധിക്കും. നടപടിക്രമങ്ങള്‍ പാലിച്ച് അടുത്ത അധ്യയന വര്‍ഷം തന്നെ കോഴ്‌സ് ആരംഭിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

റേഡിയോ ആക്ടീവ് മൂലകങ്ങളും അവയുടെ വികിരണങ്ങളും ഉപയോഗിച്ച് രോഗനിര്‍ണയവും ചികിത്സയും നടത്തുന്ന അത്യാധുനിക ശാസ്ത്ര ശാഖയാണ് ന്യൂക്ലിയര്‍ മെഡിസിന്‍. റേഡിയോ ഐസോടോപ്പ് ഉപയോഗിച്ചുള്ള സ്‌കാനിംഗും ചികിത്സയും നടത്തുന്നു. സ്‌പെക്റ്റ് സിടി, പെറ്റ് സിടി എന്നിവ ഉപയോഗിച്ചാണ് സ്‌കാനിംഗും രോഗനിര്‍ണയവും നടത്തുന്നത്.

Previous Post Next Post