പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട പ്രതി പിടിയിൽ; പിടികൂടിയത് കളിമൺ കേന്ദ്രത്തിൽ നിന്ന്



തിരുവനന്തപുരം: വൈദ്യ പരിശോധനക്കിടെ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട പ്രതി പിടിയിൽ. മയക്കുമരുന്ന് കേസിലെ പ്രതി സെയ്ദ് മുഹമ്മദിനെയാണ് മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തത്.

 മംഗലം കാരമൂടുള്ള കളിമൺ കേന്ദ്രത്തിലായിരുന്നു പ്രതി ഒളിവിൽ കഴിഞ്ഞത്.

ഈ മാസം ഒമ്പതിനായിരുന്നു നാടകീയമായ സംഭവം. എംഡിഎംഎ കേസിൽ ചോദ്യം ചെയ്യാൻ വേണ്ടിയായിരുന്നു മ്യൂസിയം പൊലീസ് സെയ്ദ് മുഹമ്മദിനെ കസ്റ്റഡിയിൽ വാങ്ങിയത്. വൈദ്യ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയിലെത്തിച്ച് കൈവിലങ്ങ് അഴിച്ചതോടെ പൊലീസിനെ തള്ളിമാറ്റി പ്രതി രക്ഷപ്പെട്ടു.

തുടർന്ന് സെയ്ദ് മുഹമ്മദിന്‍റെ കൂട്ടാളികളെ ചോദ്യം ചെയ്തതിൽ നിന്നാണ് മംഗലം കാരമൂടുള്ള കളിമൺ കേന്ദ്രത്തിൽ ഇയാൾ ഒളിവിൽ കഴിയുന്നെന്ന വിവരം കിട്ടിയത്. മ്യൂസിയം എസ്ഐ ജിജുകുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കാടിനുള്ളിലെ കേന്ദ്രത്തിൽ നിന്നും പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കൽ മാരക ആയുധങ്ങളുണ്ടായിരുന്നു. നേരത്തെ 40 കിലോ കഞ്ചാവ് കടത്തിയ കേസിലും സെയ്ദ് മുഹമ്മദ് എക്സൈസിന്റെ പിടിയിലായിരുന്നു. തിരുവനന്തപുരം വാമനപുരം സ്വദേശിയാണ് പ്രതി.
Previous Post Next Post