മണ്ണാർക്കാട്ടെ കലോത്സവ വേദിയിലെ കൂട്ടത്തല്ല്; നാല് അധ്യാപകർ ഉൾപ്പെടെ പത്തോളം പേർക്കെതിരെ കേസ്

 



പാലക്കാട്: മണ്ണാർക്കാട്ടെ കലോത്സവ വേദിയിലെ കൂട്ടത്തല്ലില്‍ നാല് അധ്യാപകർ ഉൾപ്പെടെ കണ്ടാലറിയാവുന്ന പത്തോളം പേർക്കെതിരെ കേസ്. കൂടുതൽ പേർക്കെതിരെ കേസെടുക്കുമെന്ന് മണ്ണാർക്കാട് പോലീസ് പറഞ്ഞു. കലോത്സവ വേദിയിൽ നടന്ന കൂട്ടത്തല്ലിനെതിരെ വലിയ തോതിൽ വിമർശനമുയര്‍ന്നു.മണ്ണാര്‍ക്കാട് ഉപജില്ല സ്‌കൂള്‍ കലോത്സവത്തിനിടെയാണ് വിദ്യാര്‍ഥികളും അധ്യാപകരും ഉൾപ്പെടുന്ന ഇരുവിഭാഗങ്ങൾ തമ്മില്‍ ഏറ്റുമുട്ടിയത്. ഓവര്‍റോള്‍ ചാംപ്യന്‍ഷിപ്പ് നേടിയ സ്കൂളിലെ വിദ്യാർഥികൾ, കലോത്സവ നഗരിയിൽ പടക്കം പൊട്ടിച്ചതാണ് സംഘർഷത്തിലേക്ക് വഴിവെച്ചത്. സംഘർഷത്തിനിടെ നിരവധി വിദ്യാർഥികൾക്കും അധ്യാപകർക്കും പരിക്കേറ്റു. പോലീസ് ലാത്തിവീശിയാണ് കൂട്ടത്തല്ല് പിരിച്ചുവിട്ടത്.


കലോത്സവത്തിലെ സമ്മാനദാനത്തിന് ശേഷം, ഓവര്‍റോള്‍ ചാംപ്യന്‍ഷിപ്പ് നേടിയ സ്കൂളിലെ വിദ്യാർഥികൾ കലോത്സവ നഗരിയിൽ പടക്കം പൊട്ടിച്ചിരുന്നു. പടക്കത്തിന്‍റെ ചീളുകള്‍ ദേഹത്തേക്ക് തെറിച്ചെന്നാരോപിച്ച് നടന്ന വാക്കേറ്റമാണ് സംഘര്‍ഷത്തിലേക്ക് എത്തിച്ചത്. വേദിയിലെ കസേരകളുൾപെടെ ഉപയോഗിച്ചായിരുന്നു വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയത്. ഒടുവിൽ അധ്യാപകര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് സംഘാടകര്‍ അഭ്യർഥിച്ചെങ്കിലും സംഘർഷത്തിന് അയവുണ്ടായില്ല. ഒടുവിൽ പോലീസെത്തി ലാത്തി വീശിയതോടെയാണ് സംഘർഷം അവസാനിച്ചത്.സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി. സംഭവത്തില്‍ നാല് അധ്യാപകര്‍ക്കെതിരെ മണ്ണാര്‍ക്കാട് പോലീസ് കേസെടുത്തു. ഇവരെ കൂടാതെ കണ്ടാലറിയാവുന്നവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഘർഷത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. കൂട്ടത്തലിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെ കൂട്ടത്തിലെ നേതൃത്വം നൽകിയ അധ്യാപകർക്കെതിരെയും വലിയ വിമർശനങ്ങൾ ഉയരുകയാണ്.മത്സരത്തിലെ വിധി നിർമായ അപാകതകൾ ചൂണ്ടിക്കാട്ടി എല്ലാ കലോത്സവവേദികളിലും വാക്ക് തർക്കങ്ങൾ പതിവാണ്. യോഗ്യത ഇല്ലാത്ത വിധികർത്താക്കളാണ് വിധി നിർണയത്തിന് എത്തിയതെന്ന് ആരോപിച്ച് ഇവിടെയും വാക്ക് തർക്കങ്ങൾ ഉണ്ടായിരുന്നു.ഇത്തരം തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഒടുവിൽ കലാശിച്ചത് ഇത്തരമൊരു അനിഷ്ട സംഭവത്തിലാണ്.
Previous Post Next Post