മണ്ഡലകാലം പിറന്നു, ഇനി ശരണമന്ത്രത്തിൻ്റെ നാളുകൾ; ശബരിമലയിൽ തീർഥാടകത്തിരക്ക് പത്തനംതിട്ട: വൃശ്ചികപ്പുലരിയിൽ സ്വാമി അയ്യപ്പനെ വണങ്ങി പുതിയൊരു മണ്ഡലകാലത്തിന് തുടക്കം കുറിച്ച് ഭക്തർ .  മുദ്ര ധരിച്ചു കറുപ്പണിഞ്ഞ് കഠിന വൃതം നോറ്റ് കല്ലും മുള്ളും താണ്ടി മലയും കുന്നും സമതലമാക്കി എത്തിയ ഭക്തർക്ക് ഒരേയൊരു ലക്ഷ്യം മാത്രം, ശബരീശ ദർശനം. എല്ലാവരുടെയും കണ്ഠത്തിൽ നിന്നുയരുന്നത് ഒരേയൊരു മന്ത്രം 'ശരണമയ്യപ്പ'.


ശരണമന്ത്രത്തിന്റെ 41 നാളുകളാണ് ഇന്ന് ആരംഭിക്കുന്നത്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ ശബരിമല നടയിൽ സമർപ്പിച്ച തങ്ക അങ്കി ചാർത്തി 41-ാം ഒന്നാം നാൾ പൂജ പൂർത്തിയാക്കുന്നതോടെയാണ് മണ്ഡലകാലത്തിന് സമാപനം കുറിക്കുക.മണ്ഡലപൂജയ്ക്കു തുടക്കം കുറിച്ച വൃശ്ചികപ്പുലരിയിൽ ശബരിമല സന്നിധാനത്ത് ദർശനത്തിനായി ആയിരക്കണക്കിന് അയ്യപ്പന്മാരാണ് എത്തിയത്. ആന്ധ്ര, തെലുങ്കാന, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പന്മാരാണ് വലിയതോതിൽ എത്തിയിട്ടുള്ളത്. കൊച്ചുകുട്ടികളും മാളികപ്പുറങ്ങളും അയ്യപ്പന്മാർക്കൊപ്പമുണ്ട്. സുഖദർശനത്തിനായി മികച്ച ക്രമീകരണമാണ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ദേവസ്വം ബോർഡും വിവിധ വകുപ്പുകളും സന്നദ്ധ സംഘടനകളും ചേർന്ന് ഏർപ്പെടുത്തിയിട്ടുള്ളത്.പുലർച്ചെ മൂന്നു മണിക്കു നട തുറന്നപ്പോൾ ദർശനത്തിനായി അയ്യപ്പന്മാരുടെ വലിയനിര വലിയ നടപ്പന്തലിലും സോപാനത്തും ഇടംപിടിച്ചിരുന്നു. രാവിലെ അഭിഷേകം, ഗണപതിഹോമം, ഉഷപൂജ എന്നിവ നടന്നു. നെയ്യ് അഭിഷേകം നടത്തി മനം നിറഞ്ഞാണ് തീർഥാടകർ മടങ്ങിയത്. ദേവസ്വം ബോർഡിന്റെ അന്നദാന മണ്ഡപത്തിൽ ഭക്ഷണം സൗജന്യമായി നൽകുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിപുലമായ ക്രമീകരണം തീർഥാടകർക്ക് വലിയ അനുഗ്രഹമാണ്. തീർഥാടകർ എത്തുന്ന മുറയ്ക്ക് ഉപ്പുമാവും കടല കറിയും ചെറു ചൂടുള്ള കുടിവെള്ളവും ഇവിടെ വിതരണം ചെയ്യും.

സന്നിധാനത്ത് ഏർപ്പെടുത്തിയിട്ടുള്ള പോലീസിന്റെ സുരക്ഷാ ക്രമീകരണം തീർഥാടകർക്ക് സഹായമായി. പോലീസിന്റെ ക്രമീകരണം മൂലം ദർശനത്തിനായി ആദ്യ ദിവസം അധികസമയം തീർഥാടകർക്ക് കാത്തുനിൽക്കേണ്ടി വരുന്നില്ല. ദർശനം നടത്തി വഴിപാടുകൾ കഴിച്ച് നെയ്യഭിഷേകവും നടത്തിയാണ് അയ്യപ്പന്മാർ മടങ്ങുന്നത്. അപ്പം, അരവണ എന്നിവയുടെ വിതരണത്തിനായി കൂടുതൽ കൗണ്ടറുകൾ സജ്ജമാക്കിയതും തീർഥാടകർക്ക് ഏറെ സഹായകമായിട്ടുണ്ട്. മലകയറി വരുന്ന തീർഥാടകർക്ക് വിവിധ സ്ഥലങ്ങളിലായി ചെറു ചൂടുള്ള ഔഷധ കുടിവെള്ളം വിതരണം ചെയ്യുന്നതിനും ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത്.നിലയ്ക്കൽ ബേയ്‌സ് ക്യാംപിൽ വിരിവെക്കുന്നതിനും വാഹന പാർക്കിങ്ങിനും ഉൾപ്പെടെ സൗകര്യങ്ങൾ ഏർപ്പെടുത്തിയയിട്ടുണ്ട്. തീർഥാടകർ എത്തുന്ന മുറയ്ക്ക് നിലയ്ക്കൽനിന്നു പമ്പയിലേക്കും തിരിച്ചും കെഎസ്ആർടിസി ആവശ്യത്തിന് ചെയിൻ സർവീസ് നടത്തുന്നുണ്ട്. 41 ദിവസം നീണ്ടുനിൽക്കുന്ന ശബരിമല മണ്ഡലകാല ഉൽസവത്തിനായി വൈകുന്നേരം അഞ്ചിനാണ് ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത്, ബോർഡ് അംഗങ്ങളായ അഡ്വ. എ അജികുമാർ, ജി സുന്ദരേശൻ, ദേവസ്വം കമ്മീഷണർ ബിഎസ് പ്രകാശ്, ചീഫ് എഞ്ചീനിയർ ആർ അജിത്ത് കുമാർ, ശബരിമല സ്പെഷ്യൽ കമ്മീഷണർ എം മനോജ്, എഡിജിപി അജിത്ത് കുമാർ എന്നിവർ ദർശനത്തിനായി എത്തിയിരുന്നു.
Previous Post Next Post