ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ഇന്നു തുടക്കം; അറിയാം ഈ വര്‍ഷത്തെ വിപുലമായ ആഘോഷങ്ങള്‍



ദുബായ്: ലോകപ്രശസ്തമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ (ഡിഎസ്എഫ്) 29ാം പതിപ്പിന് ഇന്ന് തുടക്കം. ഡിസംബര്‍ എട്ടു മുതല്‍ ജനുവരി 14 വരെ വിപുലമായ ആഘോഷങ്ങളുമായി 38 ദിവസം നീളുന്നതാണ് ഇത്തവണത്തെ മേള. ആകര്‍ഷകമായ ആനുകൂല്യങ്ങളും വില്‍പ്പനയും സമ്മാനങ്ങളും വിനോദപരിപാടികളും കലാ പരിപാടികളും ഇന്‍സ്റ്റാളേഷനുകളും കൊണ്ട് സന്ദര്‍ശകരെ സ്വീകരിക്കാന്‍ ഫെസ്റ്റിവല്‍ നഗരി ഒരുങ്ങിക്കഴിഞ്ഞു.എല്ലാ ദിവസവും നടക്കുന്ന ഡ്രോണ്‍ ഷോ ഇത്തവണത്തെ ഷോപ്പിങ് ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. വരുന്ന ഞായറാഴ്ച മുതല്‍ ജനുവരി 14 വരെ എല്ലാ രാത്രിയിലും രണ്ട് ഷോ അവതരിപ്പിക്കും. 800ലധികം ഡ്രോണുകള്‍ ബ്ലൂവാട്ടറിന് മുകളില്‍ അവതരിപ്പിക്കുന്ന ഷോ രാത്രി 8നും 10നുമാണ്.മേഖലയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രോണ്‍ ലൈറ്റ് ഷോയാണ് ഡിഎസ്എഫിലേത്. ജനപ്രിയ കാര്‍ട്ടൂണ്‍ പരമ്പരയായ ഫ്രീജിന്റെ സ്രഷ്ടാവും നിര്‍മാതാവുമായ യുഎഇ ആനിമേറ്റര്‍ മുഹമ്മദ് സയീദ് ഹാരിബും ഈ വര്‍ഷം ഷോയുമായി സഹകരിക്കുന്നുണ്ട്. യുഎഇ സംസ്‌കാരത്തെ കൂടി അടയാളപ്പെടുത്തുന്ന ഷോയുമായാണ് രംഗപ്രവേശം.


മുത്തുകളുടെ പ്രാധാന്യത്തെയും ദുബായിയുടെ ചരിത്രത്തിലും സംസ്‌കാരത്തിലും അതിന്റെ പങ്കിനെയും കേന്ദ്രീകരിച്ചുള്ളതാണ് രാത്രി 8 മണിക്കുള്ള ആദ്യ പ്രദര്‍ശനം. 'ഇല്ലസ്‌ട്രേഷന്‍ ഓഫ് ദുബായ് ഇന്‍ ദ ഫ്യൂച്ചര്‍' എന്ന തലക്കെട്ടിലുള്ള രണ്ടാമത്തെ ഷോ യുഎഇ ബഹിരാകാശ പര്യവേക്ഷകന്റെ ഭാവിയിലേക്കുള്ള യാത്രയെ ചിത്രീകരിക്കുന്നു.
ഇതൊരു സൗജന്യ ഇവന്റാണ്. നേരത്തെ എത്തിച്ചേരുന്നവര്‍ക്ക് മികച്ച കാഴ്ച ലഭിക്കുന്ന സ്ഥലങ്ങളിലേക്ക് പ്രവേശിക്കാം.  നഗരത്തിലുടനീളം ലൈറ്റ് ഇന്‍സ്റ്റാലേഷനുകളും സംഘടിപ്പിക്കുമെന്ന് എമിറേറ്റിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ ടൂറിസം പ്ലാറ്റ്ഫോമായ വിസിറ്റ് ദുബായ് വെബ്‌സൈറ്റില്‍ അറിയിക്കുന്നു. ലൈറ്റ് ആന്‍ഡ് സൗണ്ട് ഇന്‍സ്റ്റാലേഷനുകള്‍ ഇന്നു മുതല്‍ 2024 ജനുവരി 14 വരെയുണ്ടാവും.  ദുബായ് ഷോപ്പിങ് ഫെസ്റ്റിവലില്‍ നാല് മേഖലകളില്‍ സൗജന്യ ലൈറ്റ് ഷോകളും നടക്കും. അനൂക്കി കഥാപാത്രങ്ങളെ സൃഷ്ടിച്ചുകൊണ്ട് ഫ്രഞ്ച് ഡിസൈനര്‍മാരായ മൊയ്തു ബാറ്റില്‍, ഡേവിഡ് പാസഗന്‍ഡ് എന്നിവരാണ് ഈ ഷോ അണിയിച്ചൊരുക്കുന്നത്.
ഈ പ്രദര്‍ശനം ദുബായ് ഡിസൈന്‍ ഡിസ്ട്രിക്റ്റ്, അല്‍ സീഫ്, ഗോള്‍ഡ് സൂക്ക്, ബ്ലൂവാട്ടേഴ്‌സ് എന്നീ സ്ഥലങ്ങളില്‍ കാണാം. അനൂക്കി ലൈറ്റ് ഷോയ്ക്ക് പുറമേ അല്‍ സീഫിന്റെയും ഗോള്‍ഡ് സൂക്കിന്റെയും എല്ലാ മാര്‍ക്കറ്റുകളിലും നിയോണ്‍ ലൈറ്റ് അലങ്കാരങ്ങള്‍ സ്ഥാപിക്കും.  ജുമൈറയിലെ നഖീല്‍ മാളിലെ ഉത്സവ ഉദ്യാനമാണ് മറ്റൊരു ആകര്‍ഷണം. ഗാര്‍ഡനില്‍ മനോഹരമായ ശൈത്യകാല അലങ്കാരങ്ങള്‍, വാട്ടര്‍ ഫൗണ്ടന്‍ ഇന്‍സ്റ്റാലേഷന്‍, ക്രിസ്മസ് ട്രീ, ഉത്സവ ലൈറ്റ് ഇന്‍സ്റ്റാലേഷനുകള്‍ എന്നിവയ്ക്ക് പുറമേ എല്ലാ പ്രായത്തിലുമുള്ള സന്ദര്‍ശകര്‍ക്കായി പ്രത്യേക അവധിക്കാല വിനോദങ്ങളും ഒരുക്കിയിരിക്കുന്നു.

ഡിസംബര്‍ 13 മുതല്‍ ജനുവരി 30 വരെ പാം ജുമൈറ ബീച്ചിലെ വെസ്റ്റ് ബീച്ചില്‍ ആമസോണ്‍ വണ്ടര്‍ എന്ന ഷോയും ദുബായ് ലൈറ്റ്‌സിന്റെ ഭാഗമായി സംഘടിപ്പിക്കന്നുണ്ട്. ഈ ലൈറ്റ് ഷോയില്‍ ആമസോണിയന്‍ തത്തകളുടെ ലൈഫ് സൈസ് ഇന്‍സ്റ്റാളേഷനുകളും ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമേഖലാ മഴക്കാടുകളില്‍ നിന്നുള്ള പുഷ്പങ്ങളുടെയും ഇലകളുടെയും അതിശയകരമായ കലാസൃഷ്ടികളും ഉള്‍പ്പെടും. സൗജന്യ ഷോയാണിത്.
Previous Post Next Post