മൂന്നു തവണ മാറ്റി വെച്ച മൂന്നാർ-ബോഡിമെട്ട് റോഡ് ഉദ്ഘാടനം ജനുവരി 5ന്



ഇടുക്കി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നവീകരിച്ച മൂന്നാർ-ബോഡിമെട്ട് റോഡിന്റെ ഉദ്ഘാടനം ജനുവരി 5ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രി നിതിൻ ഗഡ്കരി നിർവഹിക്കും. മൂന്നു തവണ മാറ്റിവച്ച ഉദ്ഘാടനമാണ് ജനുവരി 5ന് നടത്താൻ ഒടുവിൽ തീരുമാനിച്ചത്. ചെറുതോണി പാലത്തിന്റെ ഉദ്ഘാടനവും മൂന്നാറിലെ ചടങ്ങിൽ കേന്ദ്രമന്ത്രി നിർവഹിക്കും. ജനുവരി 5-ന് വൈകിട്ട് 4ന് പഴയ മൂന്നാർ കെഡിഎച്ച്പി കായിക മൈതാനത്താണ് ഉദ്ഘാടന വേദി.

381.76 കോടി രൂപ ചെലവിലാണ് 42 കിലോമീറ്റർ റോഡിന്റെ വീതികൂട്ടൽ ഉൾപ്പെടെയുള്ള നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കിയത്. നാലുമീറ്റർമാത്രം വീതി ഉണ്ടായിരുന്ന ഇടുങ്ങിയ റോഡ് 15 മീറ്റർ വീതിയിലാണ് പുനർനിർമിച്ചിരിക്കുന്നത്. സൂചനാബോർഡുകൾ, സീബ്രാവരകൾ തുടങ്ങി റോഡിന്റെ അവസാനഘട്ട പണികളും പൂർത്തിയായിക്കഴിഞ്ഞു.

ജനുവരി 5-ന് രാവിലെ കാസർഗോഡ് നടക്കുന്ന ചടങ്ങിനു ശേഷം കേന്ദ്രമന്ത്രി കൊച്ചിയിലെത്തും. അവിടെ നിന്ന് ഹെലികോപ്റ്ററിൽ പഴയ മൂന്നാറിലെ ഹൈ ഓൾട്ടിറ്റ്യൂഡ് സ്റ്റേഡിയത്തിലെ ഹെലിപാഡിൽ ഇറങ്ങിയ ശേഷം റോഡ് മാർഗം ഉദ്ഘാടന വേദിയിലെത്തും. ഊരാളുങ്കൽ സൊസൈറ്റിക്കാണ് പഴയ മൂന്നാറിലെ ഉദ്ഘാടന വേദിയുടെയും മറ്റും നിർമാണച്ചുമതല.

Previous Post Next Post