ലിബിയൻ തീരത്ത് വൻ ബോട്ടപകടം: 61 പേർ മുങ്ങിമരിച്ചതായി സംശയം


ലിബിയ: ലിബിയൻ തീരത്ത് വൻ ബോട്ടപകടം. സ്ത്രീകളും കുട്ടികളുമടക്കം അറുപതിലധികം പേർ കാണാതാവുകയോ മരിക്കുകയോ ചെയ്തതായി റിപ്പോർട്ട്. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) ആണ് ഇക്കാര്യം അറിയിച്ചത്.


ലിബിയയുടെ വടക്കുപടിഞ്ഞാറൻ തീരത്തുള്ള സുവാരയിൽ നിന്ന് ശനിയാഴ്ച 86 പേരുമായി പുറപ്പെട്ട ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

ശക്തമായ തിരയിൽപ്പെട്ട് ബോട്ട് മറിയുകയായിരുന്നുവെന്നാണ് നിഗമനം. കാണാതാവുകയോ മരിക്കുകയോ ചെയ്തവരിൽ ഭൂരിഭാഗവും നൈജീരിയ, ഗാംബിയ കൂടാതെ മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

25 ഓളം പേരെ രക്ഷപ്പെടുത്തി ലിബിയൻ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഐഒഎം ഓഫീസ് പറഞ്ഞു. മെഡിറ്ററേനിയൻ കടൽ കടന്ന് യൂറോപ്പിലേക്ക് പ്രവേശിക്കാൻ കുടിയേറ്റക്കാർ ശ്രമിക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് ലിബിയ.

ലോകത്തിലെ ഏറ്റവും അപകടകരമായ മൈഗ്രേഷൻ റൂട്ടുകളിൽ ഒന്നാണിത്. ഐഒഎം കണക്കുകൾ പ്രകാരം ഈ വർഷം മാത്രം 2,200 കുടിയേറ്റക്കാർ ഇവിടെ മുങ്ങിമരിച്ചു.
Previous Post Next Post