തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ സ്മാര്‍ട് സിറ്റി റോഡ് നിര്‍മ്മാണം മൂലം സംഗീതജ്ഞൻ എംജി രാധാകൃഷ്ണന്‍റെ വീട്ടുമുറ്റം ഇടിഞ്ഞു താഴ്ന്നു. വീടിൻറെ മതില്‍ തകരുകയും ചെയ്തു. മോഡൽ സ്കൂൾ മുതൽ ഭാരത് ഭവൻ വരെ നീളുന്ന റോഡിൽ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അടുത്തിടെയാണ് മലയാളിയുടെ പാട്ടുവീടായ എംജി രാധാകൃഷ്ണന്‍റെ തിരുവനന്തപുരത്തുള്ള മേടയിൽ തറവാട് പുതുക്കിപ്പണിതത്. മതിലിനോട് തൊട്ട് സ്മാര്‍ട് സിറ്റി പദ്ധതിയിൽ പെടുത്തി റോഡ് നവീകരണം നടക്കുകയാണ്. ഓട കീറുമെന്ന് അറിഞ്ഞപ്പോൾ തന്നെ സൂക്ഷിച്ച് വേണമെന്ന് വീട്ടുകാര്‍ ഓര്‍മ്മിപ്പിച്ചിരുന്നു. എന്നാല്‍, മതിലിന്‍റെ ഓരം ചേര്‍ന്ന് മണ്ണ് മാന്തിപ്പോയി മിനിറ്റുകൾക്ക് അകം വലിയൊരു ശബ്ദത്തോടെ മതിൽ നിലം പൊത്തുകയായിരുന്നു.
വീട്ടുമുറ്റം ഇടിഞ്ഞു താഴ്ന്നതോടെ അവിടെ നിര്‍ത്തിയിട്ടിരുന്ന കാര്‍ പോര്‍ച്ചും ഭാഗികമായി തകര്‍ന്നു. സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ഒരു വശം കുഴിയിലേക്ക് വീണു വീണില്ല എന്നനിലയിലാണ് നിന്നത്. സംഭവത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. ഏറെ പണിപ്പെട്ടാണ് കുടുങ്ങിക്കിടന്ന കാറ് പുറത്തെടുത്തത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സൈക്കിളും മണ്ണിനടിയിലായി. ഇതിനു സമീപത്തെ മറ്റൊരു വീട്ടുകാരനും സമാനമായ അനുഭവമുണ്ടായി.