രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുത്; എഐസിസിക്കു കത്തു നല്‍കിയെന്ന് കെ മുരളീധരൻ 
 കോഴിക്കോട് : അയോധ്യയില്‍ നടക്കാനിരിക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ പരിപാടിയില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി കേരള ഘടകത്തിന്റെ നിലപാടെന്ന് കെ മുരളീധരന്‍ എംപി.

 ഇക്കാര്യം എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ അറിയിച്ചിട്ടുണ്ടെന്നും മുരളീധരന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. 

ഇന്ത്യയിലെ ജനങ്ങളുടെ വികാരം മാനിച്ചുകൊണ്ടുള്ള തീരുമാനം പാര്‍ട്ടി അഖിലേന്ത്യാ നേതൃത്വം കൈക്കൊള്ളും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും സിപിഐയും കാണിക്കുന്നതുപോലെ കോണ്‍ഗ്രസിന് കാണിക്കാന്‍ പറ്റില്ല. അതു രണ്ടും വിശ്വാസമില്ലാത്തവരുടെ പാര്‍ട്ടിയാണ്. എന്നാല്‍ കോണ്‍ഗ്രസില്‍ വിശ്വാസികളും അവിശ്വാസികളുമുണ്ട്. എല്ലാവരുടേയും വികാരങ്ങള്‍ മാനിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. 

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിലേക്കുള്ള ക്ഷണം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി സ്വീകരിച്ചിരുന്നു. സോണിയയോ അല്ലെങ്കില്‍ അവരുടെ പ്രതിനിധിയോ ചടങ്ങില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് വ്യക്തമാക്കിയിരുന്നു.
 ഇതിനു പിന്നാലെയാണ് പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉടലെടുത്തത്. 

രാമക്ഷേത്ര പരിപാടിയില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ പ്രചാരണത്തിന് അയോധ്യ ആയുധമാക്കാനൊരുങ്ങുകയാണ് ബിജെപി. ഇതിലേക്ക് പ്രതിപക്ഷ പാര്‍ട്ടികളിലെ പ്രമുഖരെ നേരിട്ടെത്തി ക്ഷണിച്ചത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് വിലയിരുത്തല്‍.

 ജനുവരി 22 നാണ് അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ പരിപാടികള്‍ നടക്കുന്നത്.
Previous Post Next Post