ശബരിമലയിലെ തിരക്ക്; പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി; സന്നിധാനം ഓഫീസറായി കെ സുദര്‍ശനന്‍ ഐപിഎസിനെ നിയമിച്ചുശബരിമലയിലെ തിരക്ക് അനിയന്ത്രിതമായി തുടരുന്നതിനിടെ ശബരിമലയിലെ ഡ്യൂട്ടിയ്ക്കുള്ള പോലീസ് ഉദ്യോഗസ്ഥരെ മാറ്റി. സന്നിധാനം ഓഫീസറായി കെ സുദര്‍ശനന്‍ ഐപിഎസിനെ നിയമിച്ചു. ക്രൈം ബ്രാഞ്ച് എസ്.പി മധുസൂദനന്‍ എസാണ്പമ്പയിലെ ഓഫീസര്‍. സന്തോഷ് കെ വി ഐപിഎസിന് നിലയ്ക്കലിന്റെ ചുമതല നല്‍കി. ശബരിമലയിലെ തിരക്ക് കണക്കിലെടുത്താണ് തീരുമാനം. തിരക്ക് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയെന്ന് വിലയിരുത്തിയാണ് നടപടി. പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ദേവസ്വം മന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.ശബരിമലയിലെ അഭൂതപൂര്‍വമായ തീര്‍ത്ഥാടകത്തിരക്കിന് നാലാം ദിവസവും ശമനമില്ല. മണിക്കൂറുകളോളം ഇടത്താവളങ്ങളിലും വാഹനങ്ങളിലും വരിയിലും കുടുങ്ങിക്കിടക്കുകയാണ് തീര്‍ത്ഥാടകര്‍. ശബരിമലയിലേയും നിലയ്ക്കലേയും തിരക്കു കുറയ്ക്കാന്‍ വഴിനീളെ വാഹനങ്ങള്‍ തടയുകയാണ്. അടിയന്തര നിര്‍ദേശങ്ങളുമായി ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടു. സ്‌പോട്ട് ബുക്കിങോ വെര്‍ച്വല്‍ ക്യൂ ബുക്കിങോ ഇല്ലാതെ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കരുതെന്നും പത്തനംതിട്ട ആര്‍ടിഒ നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. എഡിജിപി എം ആര്‍ അജിത്കുമാര്‍ നേരിട്ടു ഹാജരായി സ്ഥിതി വിശദീകരിച്ചു. മണിക്കൂറുകള്‍ കാത്തു നിന്നു മുഷിഞ്ഞ ചില തീര്‍ത്ഥാടകര്‍ ശബരിമല യാത്ര ഉപേക്ഷിച്ചു പന്തളത്തെത്തി നെയ്‌ത്തേങ്ങ ഉടച്ചു മടങ്ങി.ദര്‍ശന സമയം ദീര്‍ഘിപ്പിച്ചതിനു പുറമെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് എണ്‍പതിനായിരമായി കുറച്ചെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. ശബരിമലയെ സംബന്ധിച്ച പ്രചാരണങ്ങള്‍ രാഷ്ട്രീയ അജണ്ടയോടെയെന്നും, എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് വ്യക്തമക്കി. തിരക്ക് ഒഴിവാക്കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

Previous Post Next Post