വോട്ടർ പട്ടികയിൽ പേരു ചേർത്തിട്ടില്ലേ???പേരു ചേർക്കാൻ രജിസ്ട്രർ ചെയ്യുന്നവർക്ക് ' കെ.എസ്.ആർ.ടി.സി.യുടെ ഡബിൾ ഡക്കർ ബസിൽ.കോട്ടയത്ത് സൗജന്യമായി കറങ്ങാം ഇന്നും നാളെയുമാണ് സൗജന്യ സർവ്വീസ്

     
കോട്ടയം: വോട്ടർ പട്ടികയിൽ പേരു ചേർത്തിട്ടില്ലേ. പേരു ചേർക്കാൻ രജിസ്റ്റർ ചെയ്യുന്നവർക്ക് ഇതാ കെ.എസ്.ആർ.ടി.സി.യുടെ ഡബിൾ ഡക്കർ ബസിൽ കറങ്ങാൻ ശനിയാഴ്ചയും ഞായറാഴ്ചയും (ഡിസംബർ 2,3) സുവർണാവസരം. പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞം 2024 നോടനുബന്ധിച്ച് സ്വീപ്പിന്റെ (സിസ്റ്റമാറ്റിക് വോട്ടർ എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) ഭാഗമായി വോട്ടെടുപ്പിന്റെ പ്രധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനും വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിനുമായാണ് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം കോട്ടയം ജില്ലയിൽ ഡബിൾ ഡക്കർ ബസ് ബോധവത്കരണ-രജിസ്‌ട്രേഷൻ യാത്ര ഒരുക്കുന്നത്.
പ്രായവും വിലാസവും തെളിയിക്കുന്ന അസൽ രേഖകളും (ആധാർ കാർഡ്, പാസ്‌പോർട്ട്) ഫോട്ടോയും വീട്ടിലെ വോട്ടറുടെയോ അയൽവാസിയുടെയോ വോട്ടർ കാർഡിന്റെ പകർപ്പുമായെത്തിയാൽ ബസിലെ കൗണ്ടറിൽ വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ രജിസ്‌ട്രേഷൻ നടത്താം. തുടർന്ന് ഡബിൾ ഡക്കറിൽ ഹ്രസ്വദൂരയാത്ര സൗജന്യമായി നടത്താം. രജിസ്റ്റർ ചെയ്യുന്നവരെ ആകർഷകമായ സമ്മാനങ്ങളും ലഭിക്കും. രജിസ്റ്റർ ചെയ്യുന്നവർക്ക് നൽകുന്ന സമ്മാനക്കൂപ്പണുകളിൽ നിന്ന് നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും നൽകും.
ശനിയാഴ്ച രാവിലെ ഒമ്പതിന് ചങ്ങനാശേരി കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനു സമീപം ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഡബിൾ ഡക്കർ ബസിലുള്ള ബോധവത്കരണ-രജിസ്‌ട്രേഷൻ യാത്രയുടെ ഫ്‌ളാഗ് ഓഫ് നിർവഹിക്കും. ഉച്ചയ്ക്ക് 12 മുതൽ കോട്ടയത്ത് പര്യടനം നടക്കും. ഞായറാഴ്ചയും പര്യടനം നടക്കും. പൊതുജനങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ വി. വിഗ്നേശ്വരി പറഞ്ഞു.
Previous Post Next Post