നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ കെഡി ജോർജ് അന്തരിച്ചു


 

കോച്ചി : ഡബ്ബിങ് ആർട്ടിസ്റ്റും നടനുമായ കെഡി ജോർജ് (84) അന്തരിച്ചു. 
 അസുഖബാധിതനായി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. 

ഉയർന്ന ബാസ് ശബ്ദത്തിന് പേര് കേട്ട ഡബ്ബിങ് ആർട്ടിസ്റ്റാണ് കെഡി ജോർജ്. മലയാള സിനിമകൾക്ക് ഡബ്ബ് ചെയ്തുകൊണ്ടാണ് സിനിമ രംഗത്തേക്ക് കടന്നുവന്നത്. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഏറെക്കാലം ചെന്നൈയിലായിരുന്ന ഇദ്ദേഹം പിൻകാലത്ത് കൊച്ചിയിലേക്ക് താമസം മാറ്റുകയായിരുന്നു. 

ബന്ധുക്കളാരുമില്ലാത്ത ജോർജ് കലൂർ ഉള്ള പുത്തൻ ബിൽഡിങ്ങിൽ ആയിരുന്നു താമസിച്ചിരുന്നത്. അസുഖബാധിതനാകുന്നതിന് മുമ്പ് വരെ ഡബ്ബിങ് രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത മിർസാപൂർ, ബാംബൈ മേരി ജാൻ എന്നീ വെബ് സീരീസുകൾക്കാണ് അവസാനമായി ശബ്ദം നൽകിയത്.

ആരോഗ്യാവസ്ഥ മോശമായതോടെ എറണാകുളം ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. കെ.ഡി. ജോർജിന്‍റെ കുടുംബാംഗങ്ങളെ കുറിച്ചോ ബന്ധുക്കളെ കുറിച്ചോ വിവരം ലഭ്യമല്ലെന്ന് സഹപ്രവർത്തകർ പറഞ്ഞു. 

അവസാന കാലത്ത് ഫെഫ്ക ഡബ്ബിങ് ആർടിസ്റ്റ് യൂണിയന്‍റെ സഹായത്തോടുകൂടിയായിരുന്നു മുന്നോട്ടുപോയിരുന്നത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്‍റെ ബന്ധുക്കളോ കുടുംബാംഗങ്ങളോ ഉണ്ടെങ്കിൽ ബന്ധപ്പെടണമെന്ന് സഹപ്രവർത്തകർ അഭ്യർഥിച്ചു. ഫോൺ: പ്രവീൺ ഹരിശ്രീ -9447094947.

ബന്ധുക്കൾ മുന്നോട്ട് വന്നില്ലെങ്കിൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഏറ്റെടുത്തു യഥാവിധി അന്ത്യകർമ്മങ്ങൾ നടത്താൻ ഫെഫ്ക ഡബ്ബിങ് ആർട്ടിസ്റ് യൂണിയൻ പൊലീസ് സ്റ്റേഷനിൽ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
Previous Post Next Post