പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. ഇവരുടെ രണ്ട് പെൺമക്കൾക്കും വെട്ടേറ്റിട്ടുണ്ട്
എറണാകുളം: എറണാകുളം ജില്ലയിലെ പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. ഇവരുടെ രണ്ട് പെൺമക്കൾക്കും വെട്ടേറ്റിട്ടുണ്ട്. ഇവരെ കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിലേക്ക് മാറ്റി. പിറവം കക്കാട് സ്വദേശി ബേബി, ഭാര്യ സ്മിത എന്നിവർ ആണ്‌ മരിച്ചത്. 58കാരനായ ബേബി പ്രവാസിയായിരുന്നു. കുറച്ച് കാലങ്ങളായി നാട്ടിലാണ് താമസം. ഇന്ന് രാവിലെയാണ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, മക്കളെയും വെട്ടിപ്പരിക്കേൽപിച്ച ശേഷം ഇയാൾ തൂങ്ങിമരിച്ചത്. 18 ഉം 21ഉം വയസ്സുള്ള പെൺമക്കൾ നഴ്സിം​ഗ് വിദ്യാർത്ഥികളാണ്. പരിക്കേറ്റ ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ അപകട നില തരണം ചെയ്തുവെന്ന് ആശുപത്രിയിൽ നിന്നും അറി‌യിച്ചു. രാവിലെ ഇവരുടെ വീട്ടിൽ നിന്ന് ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ദാരുണമായ കാഴ്ച കാണുന്നത്. ഉടനെ മക്കളെ ആശുപത്രിയിലെത്തിച്ചു. സ്മിത അപ്പോഴേക്കും മരിച്ചിരുന്നു. പിറവം പൊലീസ് സഥലത്തെത്തി ഇൻക്സ്റ്റ് നടപടികൾ തുടരുകയാണ്. കുടുംബപ്രശ്നങ്ങളാണ് അരുംകൊലയിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി. അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
Previous Post Next Post