'ശോഭന, മിന്നുമണി, മറിയക്കുട്ടി...'; തൃശൂരിൽ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാൻ ഇവരും, പേരുകൾ പറഞ്ഞ് കെ സുരേന്ദ്രൻ

 


തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂർ സന്ദർശനം കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ വലിയ വഴിത്തിരിവാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തൃശൂരിൽ ജനുവരി മൂന്നിന് നടക്കുന്ന മഹിളാസമ്മേളനത്തിൽ പ്രമുഖരായ വനിതകൾ പങ്കെടുക്കുമെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ജനുവരി മൂന്നിന് തൃശൂർ തേക്കിൻകാട് മൈതാനത്ത് വൈകുന്നേരം മൂന്നുമണിക്കാണ് 'സ്ത്രീശക്തി മോദിക്കൊപ്പം' എന്ന മഹിളാസമ്മേളനം. രണ്ട് മണിക്ക് റോഡ് ഷോയും നടക്കും.ചലച്ചിത്രതാരവും നർത്തകിയുമായ ശോഭന, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിന്നുമണി, പ്രശസ്ത സംരംഭക ബീനാ കണ്ണൻ, മറിയക്കുട്ടി, സംഗീതജ്ഞ വൈക്കം വിജയലക്ഷ്മി, പത്മശ്രീ ശോശാമ്മ ഐപ്പ് തുടങ്ങിയ സ്ത്രീസമൂഹത്തിൻ്റെ വിവിധങ്ങളായ പ്രശ്നങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുപോകുന്ന പ്രഗൽഭരായ പലരും പ്രധാനമന്ത്രിയുമായി വേദി പങ്കിടുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.തൃശൂരിൽ നടക്കുന്ന മഹിളാസമ്മേളനം ചരിത്ര സമ്മേളനമാകും. എൽഡിഎഫിൻ്റെയും യുഡിഎഫിൻ്റെയും കാൽചുവട്ടിലെ മണ്ണ് ഒലിച്ചുകൊണ്ടിരിക്കുകയാണ്. ഇരു മുന്നണികളുടെയും സമ്പൂർണമായ പതനം ആസന്നമായിരിക്കുകയാണ്. നരേന്ദ്ര മോദിക്കുള്ള പിന്തുണ കേരളത്തിൽ വർധിക്കുകയാണ്. മോദിക്ക് മാത്രമേ ഇനി കേരളത്തെ രക്ഷിക്കാൻ കഴിയൂവെന്ന തിരിച്ചറിവിലേക്ക് കേരളം എത്തിക്കൊണ്ടിരിക്കുകയാണെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.കോൺഗ്രസും സിപിഎമ്മും ന്യൂനപക്ഷ ഏകീകരണത്തിനാണ് ശ്രമിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ധ്രുവീകരണം നടത്താൻ ഇരു മുന്നണികളും മത്സരിക്കുകയാണ്. അഖിലേന്ത്യാ നേതാക്കൾ പറയുന്നതിന് വിരുദ്ധമായാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കന്മാർ പറയുന്നത്. കേരളത്തിലെ മതന്യൂനപക്ഷങ്ങൾക്ക് ആവശ്യം വികസനവും പുരോഗതിയുമാണ്. എല്ലാവരെയും ചേർത്തുനിർത്തി മുന്നോട്ടുപോകുന്ന നരേന്ദ്ര മോദിയെ ഇരുകൈയും നീട്ടി സ്വീകരിക്കും. ഇവിടുത്തെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് അധികം ആയുസ്സ് ഉണ്ടാകില്ലെന്നാണ് സാധാരണക്കാരിൽനിന്ന് ലഭിക്കുന്ന പ്രതികരണമെന്നും സുരേന്ദ്രൻ പറഞ്ഞു.

വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി പ്രഗൽഭരായ സ്ഥാനാർഥികളെ മത്സരിപ്പിക്കും. ജനങ്ങളുടെ വിശ്വാസ്യത നേടിയിട്ടുള്ള നേതാക്കളായിരിക്കും മത്സരരംഗത്ത് ഉണ്ടാകുകയെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Previous Post Next Post