പ്രേമനൈരാശ്യം മൂലം പെൺകുട്ടിയെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
പന്തളം : പ്രേമനൈരാശ്യം മൂലം പെൺകുട്ടിയെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

നൂറനാട് തത്തമുന്ന മുറിയിൽ വടക്കേകാലായിൽ അനന്ദു (24) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഏഴിന് രാത്രി 9.30ന് നൂറനാട് തത്തമുന്നയുള്ള വീടിനു സമീപമാണ് സംഭവം നടന്നത്.

നൂറനാട് താമസിക്കുന്ന 28 വയസുള്ള യുവതിയെയാണ് യുവാവ് കൊല്ലാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ചു നാളുകളായി പ്രതി പെൺകുട്ടിയെ പുറകെ നടന്ന് ശല്യപ്പെടുത്തുകയായിരുന്നു. തന്നെ കല്യാണം കഴിക്കണമെന്നും അല്ലെങ്കിൽ കൊന്നുകളയുമെന്നുമായിരുന്നു പ്രതിയുടെ ഭീഷണി.

ശല്യം സഹിക്ക വയ്യാതെ യുവതി ഒഴിഞ്ഞുമാറി നടക്കുകയായിരുന്നു. ഏഴാം തീയതി യുവതിയെ യുവാവ് കാണുകയും അപ്പോൾ പ്രതിയുടെ വീട്ടിലേക്ക് വരണമെന്നു നിർബന്ധിക്കുകയും ചെയ്തു.

അതിനു വഴങ്ങാതിരുന്ന പെൺകുട്ടിയെ കയ്യിലുണ്ടായിരുന്ന ഹെൽമെറ്റുകൊണ്ട് മാരകമായി ഉപദ്രവിച്ചെന്നും പോലീസ് പറഞ്ഞു. ഹെൽമെറ്റ് കൊണ്ടുള്ള അടിയിൽ യുവതിയുടെ മൂക്ക് പൊട്ടുകയും തലയിലും കയ്യിലും പരിക്കു പറ്റുകയും ചെയ്തു.

തുടർന്ന് യുവതി സ്ഥ‌ലത്തുനിന്നു ഓടി മാറുകയും നൂറനാട് പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. പോലീസ് യുവതിയുടെ പരാതിയിൽ കൊലപാതകശ്രമത്തിനു കേസ് രജിസ്‌റ്റർ ചെയ്തു.

ഇതോടെ ഒളിവിൽ പോയ പ്രതിയെ ചാരുംമുട് നിന്നു പോലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. പ്രതി മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും പോലീസ് വ്യക്തമാക്കി. പ്രതിയെ മാവേലിക്കര ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Previous Post Next Post