വയോധികയുടെ മൃതദേഹം വീട്ടില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ കസ്റ്റഡിയില്‍

വിഴിഞ്ഞം: വയോധികയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടുകാല്‍ പുത്തളം വാലന്‍വിള വീട്ടില്‍ റിട്ട. ഹിന്ദി അധ്യാപിക ശ്യാമള(76)യാണ് മരിച്ചത്. മൃതദേഹം പുഴുവരിച്ച നിലയിലായിരുന്നു.
സംഭവത്തില്‍ മകന്‍ ശ്രീകുമാറിനെയാണ് കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കാഴ്ച പരിമിതിയുള്ള ശ്യാമളയും മകന്‍ ശ്രീകുമാറും ഒരുമിച്ചാണ് താമസം. ശ്രീകുമാര്‍ തന്നെയാണ് മരണവിവരം അയല്‍ക്കാരെയും വാര്‍ഡ് മെമ്പറെയും അറിയിച്ചത്. അവര്‍ എത്തുമ്പോള്‍ വീട് വൃത്തിയാക്കിയിരുന്നതും മൃതദേഹം മാറ്റിക്കിടത്തിയിരുന്നതും സംശയത്തിനിടയാക്കി.

തുടര്‍ന്ന്  കാഞ്ഞിരംകുളം പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പരിശോധിച്ചപ്പോള്‍ മരണം നടന്നിട്ട് അധിക സമയമായിരുന്നില്ലെങ്കിലും ശരീരം പുഴുവരിച്ച നിലയിലായിരുന്നെന്ന് പോലീസ് പറഞ്ഞു.

ഇതില്‍നിന്ന് ശ്യാമളക്ക് വേണ്ടത്ര പരിചരണം ലഭിച്ചിരുന്നില്ലെന്ന് മനസിലാക്കിയ പോലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചശേഷം ശ്രീകുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അവിവാഹിതനായ ശ്രീകുമാര്‍ മദ്യത്തിനടിമയായിരുന്നു. പലപ്പോഴും മാതാവിനെ വീട്ടില്‍ ഒറ്റയ്ക്കാക്കിയ ശേഷം ദിവസങ്ങളോളം വീട്ടില്‍ വരാതെ നടന്നിരുന്നതായും നാട്ടുകാര്‍ മൊഴി നല്‍കി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ശ്രീകുമാറിനെ സ്ഥലത്തെത്തിച്ച് സംസ്‌കാരം നടത്തി. ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
Previous Post Next Post