ഷൂ എറിയാൻ വന്നവരുടെ പുറകിൽ കാമറ എങ്ങനെവന്നു? ജനസമ്പർക്ക പരിപാടി തടസപ്പെടുത്താൻ ആരും പോയില്ലെന്ന് ഗണേഷ് കുമാർ



കൊല്ലം: ജനസമ്പർക്ക പരിപാടികൾ ധൂർത്തായിരുന്നുവെന്ന് ഗണേഷ് കുമാർ എംഎൽഎ. അന്ന് സമരം ചെയ്യാനോ ജനസമ്പർക്ക പരിപാടി തടസപ്പെടുത്താനൊ ഒരു എൽഡിഎഫ് പ്രവർത്തകനും പോയില്ല, അത് മര്യാദയാണെന്നും ഗണേഷ് പറഞ്ഞു. നവകേരളാ സദസ്സ് കൊല്ലം ജില്ലയിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഗണേഷ് കുമാർ യുഡിഎഫിനെതിരെയും യൂത്ത് കോൺഗ്രസിനെതിരെയും രംഗത്തുവന്നത്.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് പറയാതെയായിരുന്നു ജനസമ്പർക്ക പരിപാടിയെ ഗണേഷ് കുമാർ വിമർശിച്ചത്. മുഖ്യമന്ത്രി സഞ്ചരിക്കാൻ ബസ് വാങ്ങി അതിൽ ഒരു ശുചിമുറിവച്ചു എന്താണ് തെറ്റ്. മൂന്ന് വനിതാ മന്ത്രിമാർ സഞ്ചരിക്കുന്ന ബസല്ലെ അത്. കെഎസ്ആർടിസിക്ക് ഒരു ബസ് കൂടി ലഭിച്ചു. ബസിലെ ആഡംബരം എന്ന പേരിൽ മാധ്യമങ്ങളുടെ വിമർശനം ഇതൊക്കെ അതിര് കടന്നതാണ്. വിമർശനം കൊണ്ട് വലിയ പബ്ലിസിറ്റി നവകേരളാ യാത്രക്ക് ലഭിച്ചു. കരിങ്കൊടി കാണിക്കാനും, ഷൂ എറിയാനുമൊക്കെ വരുന്നവരുടെ പിറകിൽ കാമറ എങ്ങനെ വരുന്നുവെന്ന് ഗണേഷ് കുമാർ ചോദിച്ചു.


ഡിവൈഎഫ്ഐ നടത്തുന്ന പൊതിച്ചൊറ് വിതരണത്തെ വരെ വിമർശിക്കുന്നവരെ ജനം തള്ളിക്കളയും. കൊവിഡ് സമയത്ത് വീട് വീടാന്തരം ഭക്ഷണം എത്തിച്ചും. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചവരുമാണ് എൽഡിഎഫിൻ്റെ പ്രവർത്തകർ. ആ സമയത്ത് ഫേസ്ബുക്കിലൂടെ തള്ളിയവരാണ് യൂത്ത് കൊൺഗ്രസുകാരെന്നും ഗണേഷ് കുമാർ പരിഹസിച്ചു. ജനങ്ങളുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് കൊണ്ടാണ് യാത്ര മുന്നൊട്ട് പോകുന്നത്. ക്ഷേമപെൻഷൻ നൽകാൻ കഴിയാത്തത് കേന്ദ്രം കേരളത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്നത് കൊണ്ടാണ്. കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ രാഷ്ട്രീയം മറന്ന് പ്രതികരിക്കണം. രാജ്യത്തെ തന്നെ പ്രമുഖ നേതാവായ രാഹുൽ ഗാന്ധി കേരളത്തിൽ നിന്നുള്ള എംപിയാണ്. അദ്ദേഹം പാർലമെൻ്റിൽ മൗനം പാലിക്കുകയാണ്. ഇതൊക്കെ ജനങ്ങൾക്ക് വേണ്ടി ചെയ്യുന്നതാണെന്ന് ബോധ്യമുണ്ടെങ്കിൽ രാഹുൽ പ്രതികരിക്കണമെന്നും ഗണേഷ് കുമാർ ആവശപ്പെട്ടു.
Previous Post Next Post