നവകേരള സദസ്സിനെ വിമർശിച്ചതിന് വ്യാപാരിക്ക് മർദനം: കടകളടച്ച് പ്രതിഷേധിച്ചു


ആലുവ: നവകേരള സദസ്സിനെ വിമർശിച്ചതിന്റെ പേരിൽ വ്യാപാരിയെ മർദിച്ചതിൽ കടകളടച്ച് പ്രതിഷേധിച്ചു. വ്യാഴാഴ്ച സവാള വ്യാപാരിയെ ചുമട്ടുതൊഴിലാളികൾ മർദിച്ചതിൽ പ്രതിഷേധിച്ചാണ് ആലുവ പച്ചക്കറി മാർക്കറ്റിലെ വ്യാപാരികൾ കടകളടച്ച് പ്രകടനവും പൊതുയോഗവും നടത്തിയത്. ആലുവയിൽ നവകേരള സദസ്സ് നടന്ന വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സി.ഐ.ടി.യു തൊഴിലാളികൾ, വ്യാപാരിയായ അന്നമ്മനട സ്വദേശി തോമസിനെ (75) ക്രൂരമായി മർദിച്ചത്.

സി.ഐ.ടി.യു ആലുവ ഏരിയ സെക്രട്ടറി, സി.പി.എം മുൻ നഗരസഭ കൗൺസിലർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മർദ്ദനം. കടയിലെ ജീവനക്കാർക്കും മർദനമേറ്റു. തുടർന്ന് കടയിലെ സുരക്ഷാ ക്യാമറയുടെ ഹാർഡ് ഡിസ്ക് അക്രമി സംഘം അഴിച്ചു കൊണ്ടുപോയതായും തോമസ് പറഞ്ഞു. ആലുവ ജില്ല ആശുപത്രിയിൽ ചികിത്സ തേടി മടങ്ങിയ ഇദ്ദേഹം കടുത്ത ശാരീരിക അസ്വസ്ഥതയെ തുടർന്ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാപാരികളുടെയും തൊഴിലാളികളുടെയും നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. തുടർന്ന് മാർക്കറ്റിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഇ.എം. നസീർ ബാബു ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് അംഗം ജോഷി ജോൺ കാട്ടിത്തറ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി അഡ്വ. എ.ജെ. റിയാസ്, വൈസ് പ്രസിഡൻറ് ലത്തീഫ് പുഴിത്തറ, ജോ. സെക്രട്ടറി പി.എം. മൂസാക്കുട്ടി, യൂത്ത് വിങ് പ്രസിഡന്റ് അജ്മൽ കാമ്പായി, എക്സിക്യൂട്ടീവ് അംഗങ്ങളായ അസീസ് അൽബാബ്, സ്റ്റാൻലി ഡൊമിനിക്, പി.എ. ഷാജൻ, റഫീഖ് ഗുഡ്‍ലുക്ക് എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് മനേഷ് മാത്യു, പി.എ. നവാസ്, പി.ജെ. സന്തോഷ്, കെ.ഐ. ഡേവിഡ്, സി.കെ.ആർ. സന്തോഷ്, എ.എസ്‌. അഷ്‌റഫ്‌, പി.എ. യൂസഫ് എന്നിവർ നേതൃത്വം നൽകി. 
Previous Post Next Post