അസമില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് പതിനാലുപേര്‍ മരിച്ചു; 27 പേര്‍ക്ക് ഗുരുതര പരിക്ക്

 ഗുവഹാത്തി: അസമില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് പതിനാലുപേര്‍ മരിച്ചു. 27 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പുലര്‍ച്ചെ അഞ്ചുമണിയോടെ ഡെര്‍ഗാവിലാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ അഞ്ച് സ്ത്രീകളും ഒരു ചെറിയ കുട്ടിയും ഉള്‍പ്പെടുന്നു. 

45 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. അത്‌ഖേലിയില്‍ നിന്ന് ബാലിജനിലേക്ക് പോയ ക്ഷേത്രദര്‍ശനത്തിനായി പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

പുലര്‍ച്ചെ മൂന്ന് മണിയോടെ യാത്ര ആരംഭിച്ച സംഘം ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനിടെയാണ് മാര്‍ഗരിറ്റിയില്‍ നിന്ന് വന്ന ട്രക്ക് ബസുമായി കൂട്ടിയിടിച്ചത്. 

രണ്ട് വാഹനത്തിലെയും ഡ്രൈവര്‍മാര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗുരുതമായി പരിക്കേറ്റവരെ ജോര്‍ഹാട്ട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അമിതവേഗത്തിലെത്തിയ ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Previous Post Next Post