പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് മെഗാ തിരുവാതിരതൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശൂർ സന്ദർശനത്തിന് മുന്നോടിയായി വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് മെഗാ തിരുവാതിര ഒരുക്കി വനിതകൾ. ഗോകുലം ഗോപാലൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബുധനാഴ്ച തൃശൂരിൽ രണ്ട് ലക്ഷം വനിതകൾ പങ്കെടുക്കുന്ന മഹിളാ സമ്മേളനം പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്.

പ്രധാനമന്ത്രിയെ വരവേൽക്കാനുളള മുന്നൊരുക്കത്തിന്റെ ഭാഗമായിട്ടാണ് മെഗാ തിരുവാതിര സംഘടിപ്പിച്ചത്. പാലക്കാടും മെഗാ തിരുവാതിര നടന്നു. പ്രായവ്യത്യാസമില്ലാതെയാണ് നൂറുകണക്കിന് വനിതകൾ വടക്കുംനാഥ ക്ഷേത്രമൈതാനത്ത് തിരുവാതിര പാട്ടിനൊപ്പം ചുവടുവെച്ചത്. പച്ച ബ്ലൗസും കസവ് സാരിയുമായിരുന്നു എല്ലാവരുടെയും വേഷം. ഇത്രയും സ്ത്രീകൾ ഒരുമിച്ച് തിരുവാതിര ചുവടുവെച്ചപ്പോൾ കാണികൾക്കും അതൊരു അപൂർവ്വ വിരുന്നായി.

ഗണപതി സ്തുതിയോടെ ആയിരുന്നു തുടക്കം. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്ക് നടുവിലാൽ ജംഗ്ഷനിൽ കിഴക്കൂട്ട് അനിയൻ മാരാർ നയിക്കുന്ന 101 കലാകാരൻമാർ അണിനിരക്കുന്ന മേളവിരുന്നും നടക്കും. പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി ഒരുക്കിയ മണൽചിത്രവും ഗോകുലം ഗോപാലൻ നേരത്തെ സന്ദർശിച്ചു. ബിജെപി ജില്ലാ അദ്ധ്യക്ഷൻ കെ. കെ അനീഷ് കുമാർ അദ്ദേഹത്തെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.
Previous Post Next Post