പ്രവാസികള്‍ കഴിവ് തെളിയിക്കണം; വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാന്‍ പരീക്ഷ നിര്‍ബന്ധമാക്കി കുവൈറ്റ്



 കുവൈറ്റ് സിറ്റി: തൊഴില്‍ വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളില്‍ (സ്‌കില്‍ഡ് വര്‍ക്ക്) വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിന് മുമ്പ് പ്രവാസികളുടെ കഴിവ് പരിശോധിക്കാന്‍ കുവൈറ്റ് തയ്യാറെടുക്കുന്നു. വൈദഗ്ധ്യമുള്ള തൊഴിലാളികളാണെന്ന് ഉറപ്പാക്കുന്നതിന് പ്രായോഗികവും സാങ്കേതികവുമായ ടെസ്റ്റുകള്‍ (തിയറി, പ്രാക്റ്റിക്കല്‍) നടത്താനാണ് തീരുമാനം.പബ്ലിക് അതോറിറ്റി ഫോര്‍ അപ്ലൈഡ് എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിങിന്റെ സഹകരണത്തോടെയാണ് പരീക്ഷ നടത്തുന്നത്. വൈദഗ്ധ്യമുള്ള തൊഴിലാളികളെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും വ്യവസ്ഥാപിതവും കുറ്റമറ്റതുമായ റിക്രൂട്ട്മെന്റ് സംവിധാനം കൊണ്ടുവരുന്നതിനുമായി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ഖാലിദ് തൊഴില്‍ നൈപുണ്യ പരിശോധന നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം നല്‍കിയത്.തൊഴില്‍ വൈദഗ്ധ്യം ആവശ്യമുള്ള തസ്തികകളില്‍ തിയറി, പ്രാക്റ്റിക്കല്‍ പരീക്ഷ നടത്തുന്നതിന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറും പബ്ലിക് അതോറിറ്റി ഫോര്‍ അപ്ലൈഡ് എജ്യുക്കേഷനും അടുത്തയാഴ്ച ധാരണാപത്രത്തില്‍ ഒപ്പിടും. ഇതുപ്രകാരം കുവൈറ്റിലെ പ്രൊഫഷണലുകള്‍ക്ക് ഘട്ടംഘട്ടമായി സാങ്കേതിക വൈദഗ്ധ്യ പരിശോധന ഏര്‍പ്പെടുത്തും. വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ രാജ്യത്തെ തൊഴില്‍ വിപണി കുറ്റമറ്റതാക്കുകയും തൊഴില്‍മേഖല ശക്തിപ്പെടുത്തുകയും ചെയ്യാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നു.കോണ്‍ട്രാക്ടിങ് മേഖലയിലെ തൊഴിലുകള്‍ക്ക് പരീക്ഷ നടത്തിയാണ് വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുക. തൊഴില്‍ മേഖലയിലെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതോടൊപ്പം വഞ്ചനയില്‍ നിന്നും കഴിവില്ലാത്ത തൊഴിലാളികളെ ലഭിക്കുന്നതില്‍ നിന്നും കുവൈറ്റ് കുടുംബങ്ങളെ സംരക്ഷിക്കുന്നതിനാണിതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


തൊഴില്‍ നൈപുണ്യവും അനുഭവപരിചയവും അടിസ്ഥാനമാക്കി തൊഴില്‍ നിലവാരം നിര്‍ണയിക്കുകയും വര്‍ഗീകരണം സാധ്യമാക്കുകയും ചെയ്യുന്ന സംവിധാനം വികസിപ്പിക്കാനും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ആലോചിക്കുന്നുണ്ട്.സൗദി അറേബ്യയില്‍ ഇന്ത്യക്കാര്‍ക്ക് പ്ലംബിങ്, ഇലക്ട്രീഷ്യന്‍, ഓട്ടോമോട്ടീവ് ഇലക്ട്രീഷ്യന്‍, ഹീറ്റിങ് വെന്റിലേഷന്‍ ആന്റ് എസി, വെല്‍ഡിങ്, കെട്ടിടനിര്‍മാണം, ടൈല്‍സ് വര്‍ക്ക്, തേപ്പുപണി, മരപ്പണി, കാര്‍ മെക്കാനിക്ക് തുടങ്ങിയ വിഭാഗങ്ങളിലാണ് പരീക്ഷ നിര്‍ബന്ധമാക്കിയത്. കുവൈറ്റില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാനാണ് പരീക്ഷയെങ്കില്‍ സൗദിയില്‍ വിസ ലഭിക്കുന്നതിന് മുമ്പ് തന്നെ പരീക്ഷ പാസാവണം. സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ പരീക്ഷ വിജയിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്ക് മാത്രമേ ഈ തസ്തികയില്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ.

സ്‌കില്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം (എസ്‌വിപി) എന്ന പേരില്‍ നടത്തുന്ന പരീക്ഷയക്ക് കേരളത്തില്‍ കൊച്ചിയിലാണ് പരീക്ഷാകേന്ദ്രമുള്ളത്. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നടപ്പാക്കിയ എസ്‌വിപി ഈജിപ്തില്‍ കൂടി നടപ്പാക്കാന്‍ സൗദി തീരുമാനിച്ചിട്ടുണ്ട്. ഘട്ടംഘട്ടമായി മറ്റു രാജ്യങ്ങളിലും പരീക്ഷ ഏര്‍പ്പെടുത്തും.
Previous Post Next Post