തൊടുപുഴയിൽ ​ഗവർണർ പങ്കെടുക്കുന്ന പരിപാടി നാളെ; പിന്നോട്ടില്ലെന്ന് വ്യാപാരികൾ

 


ഇടുക്കി: സിപിഎം - ഗവര്‍ണ്ണര്‍ പോരിനിടെ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നാളെ ഇടുക്കിയിലെത്തും. ഭൂമി-പതിവ് നിയമ ഭേദഗതി ബില്ലിൽ  ഒപ്പ് വക്കാത്ത ഗവർണറുടെ നടപടിക്കെതിരെ എൽഡിഎഫ് നാളെ ഹർത്താൽ നടത്തുന്നതിനിടെയാണ് ഗവര്‍ണര്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിക്ക് ഇടുക്കിയിലെത്തുന്നത്. ഇടുക്കിയിലെ ജനങ്ങളെ ഗവർണർ വെല്ലുവിളിക്കുകയാണെന്ന് സിപിഎം ആരോപിച്ചു. പരിപാടിയിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും ആവര്‍ത്തിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതി ഉദ്ഘാടനത്തിനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തൊടുപുഴയിലെത്തുന്നത്. ഭൂമി-പതിവ് നിയമ ഭേദഗതി ബില്ലിൽ  ഒപ്പ് വയ്ക്കാത്ത ഗവർണറുടെ നടപടിയില്‍ പ്രതിഷേധിച്ച്  ഇടുക്കി ജില്ലാ എൽഡിഎഫ് രാജ് ഭവൻ മാർച്ച് നടത്തുന്നത് നാളെയാണ്.അതേ ദിവസം തന്നെ ഗവർണർ ഇടുക്കിയിലെത്തുന്നതിലുള്ള പ്രതിഷേധത്തിലാണ് നാളെ  സിപിഎം ഇടുക്കിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഹർത്താലിനെ യുഡിഎഫ് തള്ളുകയാണ്.  വ്യാപാരികളെ സിപിഎം ഭീഷണിപ്പെടുത്തുകയാണെന്നും വേണ്ടിവന്നാൽ പരിപാടിക്ക് സംരക്ഷണം നൽകുമെന്നും കോൺഗ്രസ് വ്യക്തമാക്കി.

ഇടതുമുന്നണി  ഹര്‍ത്താല്‍ പ്രഖ്യാപിച്ചെങ്കിലും  പരിപാടിയിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഉറച്ച നിലപാടെത്തു.പരമാവധി പ്രവർത്തകരെ പരിപാടിയില്‍ പങ്കെടുപ്പിക്കും. കാൽനടയായി എത്തുന്ന പ്രവർത്തകരെ തടഞ്ഞാൽ അംഗീകരിക്കില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വം വ്യക്തമാക്കി. നിലപാട് കടുപ്പിക്കുമ്പോഴും നാളെ ഗവർണർക്കെതിരെ പ്രതിഷേധത്തിന് എൽഡിഎഫ് തീരുമാനിച്ചിട്ടില്ല. ഹർത്താൽ സമാധാനപരമായിരിക്കുമെന്നാണ് ഇടതുമുന്നണിയുടെ ഉറപ്പ്.

Previous Post Next Post