രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണം; ഡോക്ടർമാരോട് യുപിയിലെ ഗര്‍ഭിണികള്‍


 

കാൺപുർ: അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ദിവസം ശസ്ത്രക്രിയയിലൂടെ കുട്ടികൾക്ക് ജന്മം നൽകണമെന്ന ആവശ്യവുമായി ഗർഭിണികൾ. സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർക്ക് മുന്നിലാണ് ഇത്തരമൊരു ആവശ്യവുമായി ഗർഭിണികൾ എത്തിയിരിക്കുന്നത്. ജനുവരി 22 തിങ്കളാഴ്ചയാണ് രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ്. ശ്രീരാമന്‍റെ ഗുണങ്ങൾ തങ്ങളുടെ മക്കൾക്ക് ലഭിക്കുന്നതിനു വേണ്ടിയാണ് അമ്മമാർ ഇത്തരമൊരു ആവശ്യവുമായി വന്നിരിക്കുന്നതെന്നാണ് റിപ്പോർട്ട്.സിസേറിയൻ നടത്താൻ ആവശ്യപ്പെട്ട് 14 അപേക്ഷകൾ തങ്ങൾക്ക് ഇതിനോടകം ലഭിച്ചിട്ടുണ്ടെന്ന് ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗം മേധാവി സീമാ ദ്വിവേദി പറഞ്ഞു. രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ ചടങ്ങുനടക്കുന്ന ദിവസം തന്നെ ശസ്ത്രക്രിയ ചെയ്ത് കുഞ്ഞുങ്ങളുടെ ജനനം നിര്‍വഹിക്കണമെന്നാണ് അപേക്ഷകളിലുള്ളത്. 'ജനുവരി 22ന് 35 സിസേറിയന്‍ നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്.' ദ്വിവേദി പിടിഐയോട് പറഞ്ഞു.

ജനുവരി 22നോ അതിനോടടുത്ത തീയതികളിലോ പ്രസവ തീയതി പ്രതീക്ഷിക്കുന്നവരാണ് സിസേറിയൻ ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുള്ളത്. ചിലര്‍ പുരോഹിതന്മാരില്‍നിന്നും സിസേറിയന് ശുഭകരമായ സമയംവരെ കുറിച്ചുവാങ്ങുന്നുണ്ടെന്നും ദ്വിവേദി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഒരേ ലേബര്‍റൂമില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്നുമാണ് സ്ത്രീകളുടെ ആവശ്യമെന്നും അവർ കൂട്ടിച്ചേർത്തു.

പ്രത്യേക മുഹൂർത്തത്തിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതിലൂടെ അമ്മയ്ക്കും കുഞ്ഞിനും ഉണ്ടാകാവുന്ന സങ്കീർണതകൾ ഒഴിവാകുമെന്നാണ് കുടുംബം പ്രതീക്ഷിക്കുന്നത്. പുരോഹിതർ കുറിച്ചു നൽകുന്ന സമയങ്ങളിൽ സിസേറിയൻ നടത്തുന്ന അനുഭവം നേരത്തെയും ഉണ്ടായിട്ടുണ്ട്. 'ധീരതയുടേയും സത്യസന്ധതയുടേയും ആജ്ഞാനുവര്‍ത്തിത്വത്തിന്‍റേയും പ്രതീകമായാണ് ശ്രീരാമനെ അമ്മമാര്‍ കാണുന്നത്. അതിനാല്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുനടക്കുന്ന ദിവസം ജനിച്ചാല്‍ ഈ ഗുണങ്ങള്‍ തങ്ങളുടെ മക്കള്‍ക്കും ഉണ്ടാവുമെന്ന് അമ്മമാര്‍ വിശ്വിക്കുന്നു' ഡോ. സീമാ ദ്വിവേദി പറഞ്ഞു.ജൂൺ 17ന് പ്രസവതീയതി പറഞ്ഞിരുന്ന കാൺപുർ സ്വദേശിനിയായ 26കാരി ഇത്തരത്തിൽ അപേക്ഷ നൽകിയിട്ടുണ്ട്. പ്രതിഷ്ഠാ ചടങ്ങുനടക്കുന്ന ദിവസം കുഞ്ഞുജനിക്കാനാണ് ആഗ്രഹമെന്ന് യുവതി പറഞ്ഞു.
Previous Post Next Post