സ്വർണവള അടിച്ചുമാറ്റി കാക്ക, തെങ്ങിൻ മുകളിൽ ഒരാഴ്ചയിലേറെ ആഡംബര ജീവിതം



കോഴിക്കോട്: നഷ്ടപ്പെട്ട സ്വർണവള തെരച്ചിലിനൊടുവിൽ കണ്ടെത്തിയത് കാക്കക്കൂട്ടിൽനിന്ന്. കൊയിലാണ്ടിക്കടുത്ത് കാപ്പാട് കണ്ണൻ കടവിലാണ് സംഭവം. അടിച്ചുമാറ്റിയ സ്വർണവളകൊണ്ട് കാക്ക തെങ്ങിൻ മുകളിൽ കൂടു കെട്ടുകയായിരുന്നു. പരീക്കണ്ടി പറമ്പിൽ ഫാത്തിമ ഹൈഫയാണ് കാക്ക മോഷ്ടിച്ച സ്വർണവളയുടെ ഉടമ.ബന്ധുവീട്ടിൽ കല്ല്യാണത്തിന് പോയി തിരിച്ചു വന്ന ആറു വയസ്സുകാരി താൻ അണിഞ്ഞ ഒരോ പവൻ വീതം വരുന്ന വളയും മാലയും അഴിച്ചു കടലാസിൽ പൊതിഞ്ഞ് വേസ്റ്റ് ബക്കറ്റിന്റെ അടപ്പിന്റെ മുകളിൽ വെക്കുകയായിരുന്നു. ആഭരണങ്ങൾ എടുത്തു വെക്കണമെന്ന് ഉമ്മയോട് പറഞ്ഞ് കുട്ടി കളിക്കാൻ പോയി. എന്നാൽ സ്വർണവളയും ചെയിനും ഉമ്മ എടുത്തുവെക്കാൻ മറന്നു.10 ദിവസം കഴിഞ്ഞു മറ്റൊരുവിവാഹത്തിന് പോകുന്നതിന് വേണ്ടി ആഭരണം അണിയാൻ തിരഞ്ഞപ്പോയാണ് ഇവ നഷ്ടപ്പെട്ടതായി അറിയുന്നത്. തുടർന്ന് വീട് മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മകൾ പറഞ്ഞതനുസരിച്ച് കടലാസിന്റെ പൊതി അന്വേഷിച്ച് അടിച്ചുവാരി കൊണ്ടിടാറുള്ള വേസ്റ്റ് കൂട്ടത്തിൽനിന്ന് ഒരു പവന്റെ സ്വർണമാല ലഭിച്ചു. മുഴുവൻ സ്ഥലത്തും അരിച്ചുപെറുക്കിയങ്കിലും വള ലഭിച്ചില്ല.പഴയ പ്ലാസ്റ്റിക്ക് വള കൊത്തിയെടുത്ത് ഒരു കാക്ക തൊട്ടടുത്ത തെങ്ങിന്റെ മുകളിലേക്ക് പോകുന്നത് കണ്ടതായി ബന്ധു കൂടിയായ അയൽവാസി ഓർമിച്ചു പറഞ്ഞു. ചിലപ്പോൾ സ്വർണവളയും മൂപ്പർ തന്നെ കൊണ്ടുപോയതാകും എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ തെങ്ങിൻ്റെ മുകളിൽ കയറി പരിശോധിച്ചപ്പോയാണ് സ്വർണവളകൊണ്ട് കാക്ക കൂടുകെട്ടി ആഡംബര ജീവിതം നയിക്കുന്നതായി കണ്ടെത്തിയത്.വള തിരിച്ചു കിട്ടിയതിൻ്റെ ആഹ്ലാദത്തിലാണ് വീട്ടുകാരിപ്പോൾ. കോഴിക്കോട് കോയൻകോ ബസാർ ഹൽദി റെഡി മെയ്ഡ് ഷോപ്പ് ഉടമയും കാപ്പാട് കണ്ണൻ കടവ് പരീക്കണ്ടി പറമ്പിൽ നസീറിന്റെയും ഷരീഫയുടെയും മകളാണ് ഫാത്തിമ ഹൈഫ.

Previous Post Next Post