കേരളത്തിൽ പട്ടിണിമരണം നടക്കാത്തത് കേന്ദ്രത്തിന്റെ സഹായംകൊണ്ട്: കെ സുരേന്ദ്രൻ

 


തിരുവനന്തപുരം: കേരളത്തിൽ പട്ടിണിമരണങ്ങൾ നടക്കാത്തത് കേന്ദ്ര സർക്കാരിന്റെ സഹായം കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. യുപിഎ സർക്കാരിന്റെ കാലത്ത് ലഭിച്ചതിനെക്കാൾ അഞ്ചിരട്ടി തുകയാണ് സംസ്ഥാന സർക്കാരിന് മോദിയുടെ ഭരണകാലത്ത് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം നൽകുന്ന തുക വകമാറ്റ്റ് ചെലവഴിക്കുകയാണ് സർക്കാർ. പദ്ധതികൾ കൊണ്ടുവരുമ്പോൾ സർക്കാർ തടസ്സം നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി സംസ്ഥാനത്ത് നിലച്ചിരിക്കുകയാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. യുഡിഎഫ് സംസ്ഥാന സർക്കാരിന്റെ ബി ടീമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


വാർത്താക്കുറിപ്പ്

തിരുവനന്തപുരം: വാഗ്ദാനങ്ങൾ പാലിക്കാത്ത സർക്കാരാണ് പിണറായി വിജയന്റേതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അതുകൊണ്ടാണ് വിജയിച്ച മോദി ഗ്യാരണ്ടിയെ കുറിച്ച് സംസാരിക്കുമ്പോൾ സിപിഎം നേതാക്കൾ അസഹിഷ്ണുത കാണിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

റബറിന് 250 രൂപയാക്കുമെന്നത് പിണറായി വിജയന്റെ വാഗ്ദാനമായിരുന്നു. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലുള്ളതാണ് റബർ കർഷകരുടെ പ്രശ്നം. എന്നാൽ റബർ കർഷകർ നിലനിൽപ്പിന് വേണ്ടി ഇന്നും സമരം ചെയ്യുകയാണ്. നെല്ലിന് സംഭരണ തുക കൂട്ടുമെന്നത് പിണറായിയുടെ മറ്റൊരു വാഗ്ദാനമായിരുന്നു. എന്നാൽ നെല്ലിന്റെ സംസ്ഥാന വിഹിതം പോലും നൽകാത്ത സർക്കാർ നടപടി കാരണം നെൽകർഷകർ ആത്മഹത്യ ചെയ്യുകയാണ്. പ്രവാസികൾക്ക് ഈ സർക്കാർ നൽകിയ ഏതെങ്കിലും ഒരു വാഗ്ദാനം പാലിക്കപ്പെട്ടോ? ക്ഷേമപെൻഷൻ മുടങ്ങില്ലെന്ന വാഗ്ദാനം നിറവേറ്റിയോ? സ്ത്രീകൾക്ക് വേണ്ടി എന്തെങ്കിലും നല്ല കാര്യം ചെയ്യാൻ പിണറായി വിജയന് സാധിച്ചോ? സമ്പൂർണ പരാജയമായ സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു.

യുപിഎ സർക്കാരിന്റെ കാലത്ത് ലഭിച്ചതിനേക്കാൾ അഞ്ചിരട്ടി തുകയാണ് എൻഡിഎ സർക്കാരിന്റെ കാലത്ത് കേരളത്തിന് ലഭിച്ചത്. കേന്ദ്ര സർക്കാരിന്റെ സഹായമുള്ളത് കൊണ്ട് മാത്രമാണ് കേരളത്തിൽ പട്ടിണി മരണങ്ങൾ നടക്കാത്തത്. എന്നാൽ കേന്ദ്രം നൽകുന്ന തുക വഴിമാറ്റി ചെലവഴിക്കുകയും പദ്ധതികൾക്ക് തടസം നിൽക്കുകയുമാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. സംസ്ഥാനത്തിന്റെ തൊഴിലുറപ്പ് പദ്ധതിയായ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആറുമാസമായി നിലച്ചിരിക്കുകയാണ്. ഇതിനെതിരെ സമരം ചെയ്യേണ്ട യുഡിഎഫ് സംസ്ഥാന സർക്കാരിന്റെ ബിടീമായി പ്രവർത്തിക്കുകയാണെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Previous Post Next Post