8 പേരെ ആക്രമിച്ച തെരുവുനായക്ക് പേ വിഷബാധ; കടിയേറ്റവര്‍ക്ക് 10,000 രൂപ


കോഴിക്കോട് : കൂടരഞ്ഞിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയടക്കം എട്ട് പേരെ കടിച്ചുപറിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ത്തിന്റെ റിപ്പോര്‍ട്ട് ഇന്നലെ വൈകിട്ടോടെയാണ് പുറത്തുവന്നത്. ആക്രമണം നടത്തിയ തെരുവ് നായയെ കൂടരഞ്ഞി ടൗണിന് സമീപമുള്ള കെട്ടിടത്തിന് പിറകില്‍ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.

അതേസമയം നായയുടെ കടിയേറ്റ് പരിക്കേറ്റ എല്ലാവരും പ്രതിരോധ വാക്‌സിനും ഇമ്മ്യൂണോ ഗ്ലോബുലിനും കഴിഞ്ഞ ദിവസം തന്നെ സ്വീകരിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഭൂരിഭാഗം പേര്‍ക്കും കടിയേറ്റ് ആഴത്തില്‍ മുറിവേറ്റിരുന്നു. അതേസമയം തെരുവ്‌നായ ആക്രമണത്തില്‍ ഇരകളായവര്‍ക്ക് 10,000 രൂപ വീതം നല്‍കാന്‍ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു.

കഴിഞ്ഞ ദിവസം പ്രത്യേക അജണ്ട വെച്ച് ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് പറഞ്ഞു. ആന്റി റാബീസ് വാകസിന്‍ സ്വീകരിച്ച ചീട്ടുമായി എത്തുന്ന മുറയക്ക് ഇരകള്‍ക്ക് പണം ലഭ്യമാക്കും.
Previous Post Next Post