ഇന്ത്യയിലെ ഏറ്റവും നീളമേറിയ തൂക്കുപാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു



ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും നീളമേറിയ തൂക്കുപാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഓഖയെയും ഗുജറാത്തിലെ ദ്വാരകയെയും ബന്ധിപ്പിക്കുന്ന ഏകദേശം 2.32 കിലോമീറ്റർ നീളമുള്ള ‘സുദർശൻ സേതു’ എന്ന തൂക്കുപാലമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദിക്കൊപ്പം ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഉണ്ടായിരുന്നു.

ഗുജറാത്തിലെ ഓഖ മെയിൻലാൻ്റിനെയും ബെയ്റ്റ് ദ്വാരകയെയും ബന്ധിപ്പിക്കുന്നതാണ് തൂക്കുപാലം 978 കോടി രൂപ ചെലവിലാണ് നിർമിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ സ്റ്റേഡ് ബ്രിഡ്ജ് എന്ന ബഹുമതിയും ഇതിനുണ്ട്. 2017ലാണ് പദ്ധതിക്ക് തറക്കില്ലിട്ടത്.

മുൻപ് 'സിഗ്നേച്ചർ ബ്രിഡ്ജ്' എന്നറിയപ്പെട്ടിരുന്ന പാലം സുദർശൻ സേതു എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. ഭഗവാൻ കൃഷ്ണനുമായി ബന്ധപ്പെട്ട് പേരുകേട്ട നഗരമായ ദ്വാരകയിലാണ് പ്രശസ്തമായ ദ്വാരകാധീശ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാലം വരുന്നതിന് മുൻപ് തീർഥാടകർ ബോട്ട് ഗതാഗതമാണ് ആശ്രയിച്ചത്. ബോട്ടുകളിൽ അഞ്ചുകിലോമീറ്റർ ദൂരം കടൽവഴി യാത്ര ചെയ്താണ് സന്ദർശകർ ദ്വീപിലെത്തിയിരുന്നത്.

27.20 മീറ്റർ വീതിയുള്ള നാലുവരിപ്പാതയുടെ 2.50 മീറ്റർ വീതം രണ്ടുവശത്തും നടപ്പാതയ്ക്കായി മാറ്റിവച്ചിട്ടുണ്ട്. ഭഗവദ്ഗീതയിലെ ശ്ലോകങ്ങളും ശ്രീകൃഷ്ണൻ്റെ ചിത്രങ്ങളും നടപ്പാതയോട് ചേർന്ന ഭിത്തിയിൽ ആലേഖനം ചെയ്തിട്ടുണ്ട്. 150 മീറ്റർ വീതം ഉയരമുള്ള രണ്ട് ഉരുക്ക് ടവറുകളിൽ നിന്നാണ് പാലത്തിനുള്ള കേബിളുകൾ വലിച്ചിരിക്കുന്നത്. മൂന്ന് സ്പാനുകളും 34 തൂണുകളുമുണ്ട്. നടപ്പാതയുടെ മുകൾ ഭാഗങ്ങളിൽ സോളാർ പാനലുകൾ സ്ഥാപിച്ച് ഒരു മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കും. ഇന്ത്യയിലെ ഏറ്റവും നീളമേറിയ തൂക്കുപാലം എന്നറിയപ്പെടുന്ന സുദർശൻ സേതു പ്രദേശവാസികൾക്കും തീർഥാടകർക്കും ദ്വാരകാധീഷ് ക്ഷേത്രം സന്ദർശിക്കുന്നവർക്കുൻ നേട്ടമാകും.

Previous Post Next Post