ഉച്ചഭക്ഷണം എസ്.സി, എസ്.ടി നേതാക്കൾക്കൊപ്പം'; കെ സുരേന്ദ്രന്റെ പദയാത്രാ പോസ്റ്ററിനെച്ചൊല്ലി വിവാദം
'

.
കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന പദയാത്രയെ ചൊല്ലി വിവാദം. ഉച്ചഭക്ഷണം എസ്.സി, എസ്.ടി നേതാക്കൾക്കൊപ്പമെന്ന് പോസ്റ്ററിൽ എഴുതിയതാണ് സാമൂഹിക മാധ്യമങ്ങളിൽ വിമർശിക്കപ്പെടുന്നത്. പോസ്റ്ററിൽ തുഷാറിന്‍റെ ഫോട്ടോ ഇല്ലാത്തതിനാൽ കോഴിക്കോട്ടെ പരിപാടിയിൽ നിന്ന് ബി.ഡി.ജെ.എസ് വിട്ടുനിൽക്കുകയും ചെയ്തു.ഉത്തരേന്ത്യയിലെ എസ്.സി, എസ്.ടി വിഭാഗക്കാരുടെ വീടുകളിൽ ബിജെപി നേതാക്കൾ പോകുന്നതും ഭക്ഷണം കഴിക്കുന്നതും പ്രചാരണമാക്കുകയാണ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് കാലത്തെ രീതി. എന്നാൽ പന്തി ഭോജനത്തിലൂടെ ജാതി വിവേചനത്തെ പടിക്ക് പുറത്താക്കിയ നാടാണെങ്കിലും കേരളത്തിലെ ബിജെപിക്കും പതിവ് വിടാൻ ഉദ്ദേശമില്ല. സംസ്ഥാന അധ്യക്ഷന്‍റെ പദയാത്ര കോഴിക്കോട് എത്തിയപ്പോഴുള്ള പോസ്റ്ററിലാണ് വിചിത്രമായ അവകാശവാദം.

ഉച്ചഭക്ഷണം എസ്‍സി,എസ്ടി നേതാക്കൾക്കൊപ്പമെന്ന് പോസ്റ്റർ വിശദീകരിക്കുന്നു. കോഴിക്കോട് ബിജെപിയുടെ ഔദ്യോഗിക പേജിലും ബിജെപി കേരളം പേജിലുമെല്ലാം കഴിഞ്ഞദിവസം ഇട്ട പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. എസ്.സി, എസ്‍.ടി നേതാക്കളെ എടുത്തുപറഞ്ഞത് ബിജെപി ഇന്നും തുടരുന്ന വിവേചനം കാരണമെന്നാണ് പ്രധാന വിമർശനം. നവോത്ഥാനത്തിൽ നിന്ന് പിന്നോട്ട് നടത്തുകയാണെന്ന് ദളിത് ചിന്തകർ ആരോപിക്കുന്നു.

അതേസമയം തുഷാർ വെള്ളാപ്പള്ളിയുടെ ചിത്രം പോസ്റ്ററിലും ഫ്ലക്സിലും ഇല്ലാത്തതിന്‍റെ പ്രതിഷേധത്തിലാണ് ബിഡിജെഎസ്. കോഴിക്കോട്ടെ പൊതുയോഗത്തിൽ നിന്ന് ബിഡിജെഎസ് വിട്ടുനിൽക്കുകയും ചെയ്തു.
Previous Post Next Post