അഭിഭാഷകര്‍ക്കു നേരെയുള്ള അതിക്രമം അനുവദിക്കില്ല; അഭിഭാഷക പരിഷത്


കോട്ടയം: കേരള സര്‍ക്കാരിന്റെ അഭിഭാഷക വിരുദ്ധ നിലപാടിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പട്ടാമ്പിയില്‍ പോലീസും എറണാകുളത്ത് ഹൈക്കോടതി ജഡ്ജിയും സ്വീകരിച്ചതെന്ന് അഭിഭാഷക പരിഷത് സംസ്ഥാന ജനറല്‍ സെക്രട്ടറി ബി.അശോക്. 

അഭിഭാഷക സംരക്ഷണ നിയമം അടിയന്തിരമായി ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തിനു നേരെയുള്ള സര്‍ക്കാര്‍ വിരുദ്ധ നിലപാട് പോലീസിനെ ഉപയോഗിച്ച് നടപ്പിലാക്കാനുള്ള ശ്രമമാണ് പട്ടാമ്പിയില്‍ കരാര്‍ എഴുതി നല്കിയ അഭിഭാഷകരെ പ്രതിയാക്കി കേസ് എടുത്തതില്‍ നടന്നിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. 

അഭിഭാഷകരുടെ തൊഴില്‍ ചെയ്യാനുള്ള അവകാശത്തിന്‍ മേലുള്ള ഇത്തരം കൈകടത്തലുകള്‍ ഒരു കാരണവശാലും അനുവദിക്കില്ല. കക്ഷികളുടെ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കുന്ന കരാറുകളും ഹര്‍ജികളും അഭിഭാഷകന്റെ സൃഷ്ടിയെന്ന നിലയില്‍ കണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയാക്കുകയാണ്. വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി യിട്ടും അഭിഭാഷക സംരക്ഷണ നിയമം നടപ്പിലാക്കാന്‍ തയ്യാറാകാത്ത നിയമ മന്ത്രിയുടെ മൗനം കുറ്റകരമാണ്. 

നീതിനിര്‍വഹണ സംവിധാനത്തില്‍ ന്യായാധിപര്‍ക്കും അഭിഭാഷകര്‍ക്കും തുല്യ ചുമതലയും പങ്കുമാണുള്ളത്. അഭിഭാഷകര്‍ക്ക് അവശ്യമായ പരിഗണന നല്കാതെയുള്ള കൊളോണിയല്‍ സംസ്‌കാരത്തിന്റെ കാലം കഴിഞ്ഞു. നിലപാടു തറയുടെ വിശുദ്ധിക്കനുസരിച്ചുള്ള പെരുമാറ്റമാണ് അഭിഭാഷകര്‍ പ്രതീക്ഷിക്കുന്നത്. അതിനു വിരുദ്ധമായ സംഭവങ്ങള്‍ തെറ്റായ സന്ദേശം നല്കും. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Previous Post Next Post