ലോക്സഭാ തെരഞ്ഞെടുപ്പ് 2024: മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യും, 250 കിലോമീറ്റർ ദൂരത്തിൽ കടൽഭിത്തി; ട്വന്റി 20 പ്രകടനപത്രിക പുറത്ത്



എറണാകുളം: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രകടനപത്രിക പുറത്തിറക്കി ട്വിന്റി 20. മധ്യകേരളത്തിലെ ജനങ്ങളെ ആകർഷിക്കുന്ന തരത്തിലുള്ള വാഗ്ദാനങ്ങളാണ് ട്വന്റി20 മുന്നോട്ട് വയ്ക്കുന്നത്.

വികസിതകേരളമെന്ന സ്വപ്നം യഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് ട്വന്റി20 ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുക. ചാലക്കുടി, എറണാകുളം മണ്ഡലങ്ങളിലാണ് ട്വന്റി20 സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. അഡ്വ. ചാർളി പോൾ ചാലക്കുടി മണ്ഡലത്തിൽ നിന്നും അഡ്വ. ആന്റണി ജൂഡി എറണാകുളം മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്നുണ്ട്.

കേരളത്തിൽ അധികാരത്തിലെത്തിയാൽ പാർട്ടി ചെയ്യാൻ പോകുന്ന കാര്യങ്ങളാണ് പത്രികയിൽ പറയുന്നത്. മുല്ലപ്പെരിയാർ അണക്കെട്ട് ഡി കമ്മീഷൻ ചെയ്ത് പുതിയ അണക്കെട്ട് നിർമിക്കും, കടലാക്രമണം നേരിടുന്നതിന്റെ ഭാഗമായി തീരപ്രദേശത്ത് 250 കിലോമീറ്റർ ദൂരത്തിൽ കടൽഭിത്തി നിർമിക്കും, വന്യജീവി ശല്യമുള്ള ആയിരം ഇടങ്ങളിൽ വേലി കെട്ടും എന്നിങ്ങനെ വലിയ പദ്ധതികളാണ് പ്രകടനപത്രികയിൽ ചൂണ്ടിക്കാണിക്കുന്നത്.

അതിന് പുറമെ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നു രാഷ്ട്രീയം നിരോധിക്കും, സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം ജിവല്ലയ്ക്കകത്ത് മാത്രമായി ഒതുക്കുമെന്നും പത്രികയിൽ പറയുന്നു. ഭക്ഷ്യസുരക്ഷാ മാർക്കറ്റുകൾ വഴി പാതിവിലയ്ക്ക് ഭക്ഷ്യവസ്തുക്കൾ, വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും പ്രതിമാസം 5,000 രൂപ പെൻഷൻ തുടങ്ങിയ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കിഴക്കമ്പലത്ത് സംഘടിപ്പിച്ച മഹാസമ്മേളനത്തിൽ സംസ്ഥാന സർക്കാരിനെതിരെ പാർട്ടി പ്രസിഡൻ്റ് സാബു എം ജേക്കബ് വിമർശനമുന്നയിച്ചിരുന്നു. തന്നെ അറസ്റ്റ് ചെയ്താൽ മുഖ്യമന്ത്രിയുടെ മകളെ കുടുക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Previous Post Next Post