30 വയസിനുള്ളിൽ പ്രിയങ്ക തട്ടിയത് കോടികള്‍, ആഡംബര ജീവിതം, തിരുവനന്തപുരം സ്വദേശിയെ പിടിച്ചത് തിരുവമ്പാടി പൊലീസ്



കോഴിക്കോട്: സ്‌റ്റോക്ക് മാര്‍ക്കറ്റ് ട്രേഡിംഗിന് എന്ന പേരില്‍  സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി പേരുടെ കൈയ്യില്‍ നിന്നും കോടികള്‍ കൈക്കലാക്കി മുങ്ങിയ യുവതിയെ പിടികൂടി. തിരുവനന്തപുരം മലയന്‍കീഴ് മൈക്കിള്‍ റോഡില്‍ ശാന്തന്‍മൂല കാര്‍ത്തിക ഹൗസില്‍ ബി.ടി പ്രിയങ്ക(30) യെയാണ് തിരുവമ്പാടി പോലീസ് സംഘം അറസ്റ്റ് ചെയ്തത്. എസ്.ഐ അരവിന്ദന്റെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം എറണാകുളത്ത് വെച്ചാണ് പ്രതിയെ പിടികൂടിയത്.

ട്രേഡിംഗിലൂടെ വന്‍ ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് ഇവര്‍ പണം കൈക്കലാക്കിയിരുന്നത്. കടവന്ത്രയില്‍ ട്രേഡിംഗ് ബിസിനസ് സ്ഥാപനം ഉണ്ടെന്നായിരുന്നു ഇവരുടെ അവകാശവാദം. പ്രിയങ്കയുടെ അമ്മയും സഹോദരന്‍ രാജീവും സുഹൃത്ത് ഷംനാസും കൃത്യത്തില്‍ പങ്കാളികളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, കരമന, കടവന്ത്ര തുടങ്ങിയ പോലീസ് സ്‌റ്റേഷനുകളിലും പ്രിയങ്കയുടെ പേരില്‍ കേസുകള്‍ നിലവിലുണ്ട്. 

25 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിന്മേലാണ് തിരുവമ്പാടി പോലീസ് ഇപ്പോള്‍ ഇവരെ അറസ്റ്റു ചെയ്തിരിക്കുന്നത്. സെബിയുടെ അംഗീകാരമില്ലാതെയാണ് പ്രതി പണം സമാഹരിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. എസ്.ഐ അരവിന്ദനെ കൂടാതെ എ.എസ്.ഐ സിന്ധു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മഹേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് എറണാകുളത്ത് എത്തി ഇവരെ അറസ്റ്റ് ചെയ്തത്. താമരശ്ശേരി ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രിയങ്കയെ കോടതി റിമാന്‍ഡ് ചെയ്തു.

Previous Post Next Post