പ്രധാനമന്ത്രിക്കെതിരെ അസഭ്യ പരാമര്‍ശവുമായി തമിഴ്‌നാട് മന്ത്രി; രൂക്ഷമായി വിമര്‍ശിച്ച് ബിജെപി


ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അസഭ്യ പരാമര്‍ശവുമായി തമിഴ്‌നാട് മന്ത്രി. മൃഗസംരക്ഷണ വകുപ്പ് മന്ത്രി അനിതാ രാധാകൃഷ്ണനാണ് ഒരു പൊതു റാലിയില്‍ പ്രസംഗിക്കുന്നതിനിടെ പ്രധാനമന്ത്രിക്കെതിരെ മോശം പദപ്രയോഗം നടത്തിയത്. മന്ത്രിയുടെ പ്രസംഗത്തിനെതിരെ തമിഴ്‌നാട് ബിജെപി ഘടകം രംഗത്തെത്തി.

തൂത്തുക്കുടിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ വെച്ചായിരുന്നു മോദിക്കെതിരെ മന്ത്രിയുടെ മോശം പരാമര്‍ശം. ഡിഎംകെ എംപി കനിമൊഴിയും വേദിയിലുണ്ടായിരുന്നു. മന്ത്രിയുടെ മോശം പ്രസ്താവനയെ അപലപിക്കാതെ, അത് ആസ്വദിക്കുകയാണ് കനിമൊഴി ചെയ്തതെന്നും, കനിമൊഴിയുടെ സ്യൂഡോ ഫെമിനിസമാണ് ഇതുവഴി വെളിച്ചത്തു വന്നതെന്നും ബിജെപി ആരോപിച്ചു.

വളരെ താഴ്ന്ന നിലയില്‍ നിന്നും ഉയര്‍ന്നു വന്നയാളാണ് നരേന്ദ്രമോദി. മോദിക്കെതിരായ മോശം പരാമർശത്തിലൂടെ ഡിഎംകെയുടെ രാഷ്ട്രീയ സംസ്കാരമാണ് വെളിപ്പെട്ടത്. ഡിഎംകെയെയും ഇന്ത്യ മുന്നണിയെയും തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഒരു പാഠം പഠിപ്പിക്കും. ഡിഎംകെയുടെ ചിഹ്നമായ ഉദയസൂര്യന്‍ ഇത്തവണ ചക്രവാളത്തില്‍ താഴ്ന്നുപോകുമെന്നും ബിജെപി അഭിപ്രായപ്പെട്ടു.
Previous Post Next Post