പ്രാണപ്രതിഷ്ഠയ്ക്കിടെ ചൈനീസ് - പാക് ഹാക്കർമാർ ലക്ഷ്യമിട്ടത് എന്തെല്ലാം? നുഴഞ്ഞുകയറ്റം തകർത്ത് ഇന്ത്യൻ ഏജൻസികൾ



ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിൽ ജനുവരി 22ന് നടന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്കായി കനത്ത സുരക്ഷയാണ് കേന്ദ്ര സർക്കാരും ഉത്തർ പ്രദേശ് സർക്കാരും ഒരുക്കിയത്. പോലീസ്, അർധസൈനിക വിഭാഗം, ഇന്ത്യൻ സുരക്ഷാ ഏജൻസികൾ സംയുക്തമായിട്ടാണ് പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് അയോധ്യയിലും രാജ്യത്തെമ്പാടും സുരക്ഷയൊരുക്കിയത്.

കനത്ത സുരക്ഷയൊരുക്കിയിട്ടും ചൈനീസ്, പാകിസ്താൻ ഹാക്കർമാർ ഇന്ത്യൻ വെബ്‌സൈറ്റുകൾ ലക്ഷ്യമിട്ടിരുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. രാമക്ഷേത്രം, പ്രസാർ ഭാരതി, ഉത്തർ പ്രദേശിലെ മറ്റ് നിർണായ കേന്ദ്രങ്ങളിലെ വെബ്‌സൈറ്റുകൾ ലക്ഷ്യമിട്ട് ഹാക്കർമാർ പ്രവർത്തിച്ചുവെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യൻ വെബ്‌സൈറ്റുകൾ ലക്ഷ്യമാക്കി ആക്രമണം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ട്.

രാമക്ഷേത്രം, പ്രസാർ ഭാരതി, യുപി പോലീസ്, വിമാനത്താവളം, യുപി ടൂറിസം, പവർ ഗ്രിഡ് എന്നിവയുൾപ്പെടെ 264 കേന്ദ്രങ്ങളിലെ വെബ്‌സൈറ്റുകൾ സുരക്ഷ മുൻനിർത്തി ടെലികോം സെക്യൂരിറ്റി ഓപ്പറേഷൻ സെൻ്റർ (ടിഎസ്ഒസി) നിരീക്ഷണം ശക്തമാക്കിയിരുന്നു.
രാമാക്ഷേത്രവുമായി ബന്ധപ്പെട്ടതും പ്രസാർ ഭാരതിയെയും ലക്ഷ്യമിട്ട് 24 മണിക്കൂറും നിരീക്ഷണം നടത്തി. 1244 ഐപി അഡ്രസുകളാണ് ബ്ലോക്ക് ചെയ്തത്. ഇൻ്റർനെറ്റ് സേവന ദാതാക്കളുമായി ബന്ധപ്പെട്ടാണ് പ്രതിരോധ നടപടികൾ സ്വീകരിച്ചത്.

വിദേശ രാജ്യങ്ങൾക്ക് പുറമെ രാജ്യത്തിനുള്ളിൽ നിന്നും ശ്രമങ്ങൾ നടന്നതായും അതിനെതിരെ നടപടികൾ സ്വീകരിച്ചതായും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സൈബർ ആക്രമണങ്ങളെ നേരിടാനുള്ള എല്ലാ പരിഹാരങ്ങളും തദ്ദേശീയമായി വികസിപ്പിച്ചെടുക്കുകയായിരുന്നുവെന്നും ഇതിൽ അഭിമാനമുണ്ടെന്നും ഒരു ഉദ്യോഗസ്ഥൻ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു.

രാമക്ഷേത്രത്തിൽ ജനുവരി 22ന് നടന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങുകളോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയത്. കേന്ദ്ര സേനയും യുപി പോലീസും കമാൻഡോ വിഭാഗവും സംയുക്തമായിട്ടാണ് സുരക്ഷയൊരുക്കിയത്. ഡ്രോൺ അടക്കമുള്ള നുതന സംവിധാനങ്ങൾ സജ്ജമാക്കുകയും ചെയ്തിരുന്നു.

Previous Post Next Post