തിരുവനന്തപുരം- മംഗളൂരു വന്ദേഭാരത്, തിരുപ്പതി എക്സ്പ്രസ് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ഇന്ന്; സമയക്രമം ഇങ്ങനെ



തിരുവനന്തപുരം: വന്ദേഭാരത് അടക്കം മൂന്നു ട്രെയിനുകളുടെ സർവീസ് ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും. വിഡിയോ കോണ്‍ഫറൻസ് വഴിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിക്കുക. മംഗളൂരു വരെ നീട്ടിയ മംഗളൂരു–തിരുവനന്തപുരം -മംഗളൂരു സെൻട്രൽ വന്ദേഭാരത്, പുതിയതായി പ്രഖ്യാപിച്ച മൈസൂരു– ചെന്നൈ- മൈസൂരു വന്ദേഭാരത് എക്സ്പ്രസ് , തിരുപ്പതി–കൊല്ലം എക്സ്പ്രസ് എന്നിവയുടെ ഉദ്ഘാടനമാണ് മോദി നിർവഹിക്കുക.


ഉദ്ഘാടനത്തിനുശേഷം രാവിലെ 9.15-ന് മംഗളൂരുവിൽനിന്ന് വന്ദേഭാരത് പ്രത്യേക വണ്ടിയായി ഓടും. വന്ദേഭാരത് നിർത്തുന്ന എല്ലാ സ്റ്റേഷനിലും നിർത്തും. മംഗളൂരുവിൽനിന്ന് കാസർകോട്ടേക്ക് വിദ്യാർത്ഥികളും കയറും. മാർച്ച് 13 മുതൽ മംഗളൂരു–തിരുവനന്തപുരം സെൻട്രൽ-മംഗളൂരു ട്രെയിൻ റെഗുലർ സർവീസ് ആരംഭിക്കും. എട്ടു കോച്ചുകളുണ്ട്.


മുൻകൂട്ടി ബുക്ക് ചെയ്തവരുള്ളതിനാൽ ജൂലായ് നാലുവരെ ആഴ്ചയിൽ എല്ലാ ദിവസവും വന്ദേഭാരത് ഓടും. ജൂലായ് അഞ്ചുമുതൽ ആഴ്ചയിൽ ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ട്രെയിൻ സർവീസ് നടത്തും. രാവിലെ 6.25-ന് മംഗളൂരുവിൽനിന്ന് പുറപ്പെടും. ഉച്ചക്ക് 3.05-ന് തിരുവനന്തപുരത്ത് എത്തും. വൈകീട്ട് 4.05-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ പുലർച്ചെ 12.40-ന് മംഗളൂരുവിലെത്തും.

തിരുപ്പതി–കൊല്ലം –തിരുപ്പതി എക്സ്പ്രസ് ആഴ്ചയിൽ രണ്ടു ദിവസമായിരിക്കും സർവീസ് നടത്തുക. ബുധൻ, ശനി ദിവസങ്ങളിൽ കൊല്ലത്തുനിന്ന് തിരുപ്പതിയിലേക്ക് പുറപ്പെടും. ചൊവ്വ, വെള്ളി ദിവസങ്ങളിൽ തിരുപ്പതിയിൽനിന്ന് കൊല്ലത്തേക്കും സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു.

കൊല്ലം തിരുപ്പതി എക്സ്പ്രസ് രാവിലെ 9.15-ന് യാത്രതിരിക്കും. അടുത്ത ദിവസം രാവിലെ 4.10-ന് തിരുപ്പതിയിലെത്തുന്ന വിധത്തിലാണ് ഉദ്ഘാടനദിവസത്തെ യാത്ര. വള്ളിയൂർ ഗുഡ് ഷെഡ്ഡിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും. മേലേപ്പാളയം-നാഗർകോവിൽ ഇരട്ടപ്പാതയും നാടിന് സമർപ്പിക്കും.
Previous Post Next Post