മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ഹര്‍ജി തള്ളണമെന്ന് വിജിലൻസ്


തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായ മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി തള്ളണമെന്ന് വിജിലൻസ്.

 ധാതുമണൽ ഖനനത്തിന് സിഎംആര്‍എൽ കമ്പനിക്ക് വഴിവിട്ട് സഹായം നൽകിയെന്നും, പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് സിഎംആര്‍എൽ കമ്പനി മാസപ്പടി കൊടുത്തുവെന്നുമാണ് മാത്യു കുഴൽനാടന്റെ ഹര്‍ജി. എന്നാൽ ഈ ഹര്‍ജി നിലനിൽക്കില്ലെന്നും ആദായ നികുതി സെറ്റിൽമെന്റ് ബോര്‍ഡിന്റെ തീരുമാനം വിജിലൻസിന്റെ പരിധിയിൽ പരിശോധിക്കാനാകില്ലെന്നുമാണ് വിജിലൻസ് സ്വീകരിച്ച നിലപാട്.

മാത്യു കുഴൽനാടന്റെ ഹര്‍ജി ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, മകള്‍ വീണ വിജയൻ എന്നിവർ ഉള്‍പ്പെടെ ഏഴു പേർക്കെതിരെയാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ മാത്യു കുഴൽ നാടൻ ഹർജി ഫയൽ ചെയ്തത്. ഫെബ്രുവരി 29നാണ് മാത്യു കുഴൽനാടൻ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി ഫയലിൽ സ്വീകരിക്കുന്നത് സര്‍ക്കാര്‍ അഭിഭാഷകൻ എതിര്‍ത്തിരുന്നു. എന്നാൽ കോടതി ഈ ആവശ്യം തള്ളി. പിന്നീട് സര്‍ക്കാര്‍ അഭിഭാഷകനോട് ഹര്‍ജിയിൽ മറുപടി നൽകാൻ 15 ദിവസം സമയം അനുവദിക്കുകയായിരുന്നു. ഇന്ന് കേസ് വീണ്ടും പരിഗണിക്കുമെന്നാണ് അന്ന് കോടതി അറിയിച്ചത്.
Previous Post Next Post