ഇതാ സിനിമ സ്റ്റൈൽ ചേയ്സിങ്! പ്രതി പുഴയിലേക്ക് ചാടിയിട്ടും വിടാതെ പൊലീസ്, പിന്നാലെ എഎസ്ഐയും ചാടി; തൃശൂര്‍: എടത്തിരുത്തി മുനയത്ത് നിന്നും അനധികൃതമായി മദ്യവില്‍ക്കുന്ന പ്രതിയെ പൊലീസ് അതിസാഹസികമായി പിടികൂടി. പുഴയിൽ ചാടാൻ ശ്രമിച്ച പ്രതിയെ പുഴയില്‍ വെച്ച് തന്നെ അതിസാഹസികമായി പൊലീസ് പിടികൂടുകയായിരുന്നു. മുനയത്ത് താമസിക്കുന്ന അച്ചു പറമ്പിൽ ഷോജി (60) യെയാണ് പിടികൂടിയത്. ഇയാളുടെ വീട്ടിൽ നിന്നുമാണ്  അനധികൃതവിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 14 കുപ്പി മദ്യം കയ്‌പമംഗലം പൊലീസും, കെ. നയൺ ഡോഗ് സ്ക്വാഡും ചേർന്ന് കണ്ടെത്തിയത്.  പൊലീസിനെ കണ്ട്  പ്രതി പുഴയില്‍ ചാടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ പൊലീസ് യൂണിഫോം അഴിച്ച് വെച്ച് എഎസ്ഐ ബിനീഷും പുഴയിലേക്ക് ചാടി.

പ്രതി നീന്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എഎസ്ഐ ബിനീഷും പിന്നാലെ നീന്തി പ്രതി പിടികൂടി കരയ്ക്കെത്തിക്കുകയായിരുന്നു. വീടിന്‍റെ കിടപ്പുമുറിയിൽ ബാഗിലായി സൂക്ഷിച്ചിരുന്ന മദ്യക്കുപ്പികൾ മിലോ എന്ന പൊലീസ് നായയാണ് കണ്ടെത്തിയത്. മദ്യവും മയക്കുമരുന്ന് വില്പനയും കണ്ടെത്തുന്നതിനായി റൂറൽ എസ്.പി.യുടെ നിർദ്ദേശപ്രകാരമാണ് ഡോഗ് സ്ക്വാഡും, കയ്പമംഗലം പൊലീസും ചേർന്ന് റെയ്ഡ് നടത്തിയത്. 


Previous Post Next Post