പ്രവാസികള്‍ക്ക് യുഎഇയില്‍ എളുപ്പത്തില്‍ ബാങ്ക് ലോണ്‍; വേണ്ടത് നാല് രേഖകള്‍ മാത്രം



ദുബായ്: യുഎഇയില്‍ പ്രവാസികളായി കഴിയുന്നവര്‍ക്ക് രാജ്യത്തെ ബാങ്കുകള്‍ ചുരുങ്ങിയ നടപടിക്രമങ്ങളിലൂടെ വായ്പകള്‍ അനുവദിക്കുന്നുണ്ട്. പ്രവാസികള്‍ക്ക് അടിയന്തര ആവശ്യങ്ങള്‍ക്ക് ഞൊടിയിടയില്‍ ഓണ്‍ലൈനായി ലോണുകള്‍ നല്‍കുന്ന പദ്ധതികളും ബാങ്കുകള്‍ ആവിഷ്‌കരിച്ചിരിക്കുന്നു.

പ്രായപൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ക്കുള്ള പഠന വായ്പയും കുടുംബാംഗങ്ങള്‍ക്ക് ഒരുമിച്ച് എടുക്കാന്‍ കഴിയുന്ന തരത്തിലുളള ബാങ്ക് ലോണുകളുകളുമെല്ലാം ബാങ്കുകള്‍ നല്‍കിവരുന്നു. യുഎഇയിലെ ബാങ്കുകളില്‍ നിന്ന് ലോണെടുത്ത് നാട്ടിലെ ആവശ്യങ്ങള്‍ക്കും പ്രവാസികള്‍ പണം അയച്ചുവരുന്നു. യുഎഇയില്‍ ബിസിനസ് മേഖലയില്‍ മുതല്‍മുടക്കാനും വായ്പയെടുക്കുന്നു.

ആവശ്യമായ രേഖകള്‍

  1. എമിറേറ്റ്‌സ് ഐഡിയുടെ പകര്‍പ്പ്
  2. പാസ്‌പോര്‍ട്ടും വിസാ കോപ്പിയും
  3. ബാങ്ക് ആവശ്യപ്പെടുന്നത് അനുസരിച്ച് 3 മുതല്‍ 6 മാസം വരെയുളള ബാങ്ക് സ്റ്റേറ്റ് മെന്റ്
  4. ശമ്പള ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്

എളുപ്പത്തില്‍ വായ്പ ലഭിക്കുമെന്ന് കരുതി ബാങ്കിനെ സമീപിക്കുന്നവര്‍ തിരിച്ചടവിനുള്ള കൃത്യമായ മാര്‍ഗങ്ങളും മുന്നില്‍ കാണേണ്ടതുണ്ട്. തിരിച്ചടവ് മുടങ്ങിയാല്‍ നിയമനടപടികള്‍ നേരിടേണ്ടിവരികയും ചെയ്യും. ഇന്ത്യയിലേക്കാള്‍ വേഗത്തില്‍ ലോണ്‍ ലഭിക്കുമെന്നതാണ് പ്രവാസികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം.

സ്ഥിരവരുമാനം അല്ലെങ്കില്‍ ഉയര്‍ന്ന ശമ്പളം ഉള്ളവര്‍ക്കാണ് ബാങ്കുകള്‍ വായ്പ നല്‍കുന്നത്. യുഎഇ കേന്ദ്രബാങ്ക് നിര്‍ദേശമനുസരിച്ചുള്ള ശമ്പളവും സേവന ഗ്രാറ്റുവിറ്റിയും ഉള്ളവരായിരിക്കണം അപേക്ഷകര്‍.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
21 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് സാധാരണയായി ബാങ്കുകള്‍ വ്യക്തിഗത വായ്പ അനുവദിക്കുന്നത്. ഉയര്‍ന്ന പ്രായപരിധി 60-65 വയസ്സും. ചില ബാങ്കുകളില്‍ നിബന്ധനകള്‍ക്ക് വിധേയമായി 18 വയസ്സുളളവര്‍ക്കും ലോണുകള്‍ നല്‍കിവരുന്നു.

ബാങ്ക് വായ്പ ലഭിക്കാന്‍ കുറഞ്ഞത് 5000-8000 ദിര്‍ഹം പ്രതിമാസ വരുമാനമുണ്ടായിരിക്കണം. സ്ഥിരവരുമാനമുളള ജോലിയില്‍ ആറ് മാസത്തില്‍ കൂടുതല്‍ പ്രവര്‍ത്തനപരിചയം, ശമ്പള ബാങ്ക് ട്രാന്‍സ്ഫര്‍ തെളിയിക്കുന്നതിനുളള രേഖകളും ആവശ്യമാണ്. മറ്റു ബാങ്ക് ലോണുകള്‍ ഉണ്ടോയെന്ന് പരിശോധിച്ച് ക്രെഡിറ്റ് സ്‌കോര്‍ വിലയിരുത്തിയാണ് ലോണ്‍ പാസാക്കുക. തിരിച്ചടവിനുള്ള പ്രാപ്തി ഉണ്ടെന്ന് ഉറപ്പാക്കാനാണിത്.

അല്‍ ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ (എഇസിബി) ആണ് ക്രെഡിറ്റ് സ്‌കോറുകള്‍ കണക്കാക്കുന്നത്. എഇസിബി വെബ്‌സൈറ്റ് പരിശോധിച്ചാല്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുളള ക്രെഡിറ്റ് സ്‌കോര്‍ മനസിലാക്കാം.

എത്ര തുക വരെ ലഭിക്കും
അപേക്ഷകന്റെ ശമ്പളത്തിന്റെ 20 മടങ്ങ് വരെ വ്യക്തിഗത വായ്പ നല്‍കാമെന്നാണ് യുഎഇ കേന്ദ്രബാങ്ക് വ്യവസ്ഥ. 48 മാസത്തിനകം ലോണ്‍ തുക തിരിച്ചടയ്ക്കാന്‍ സാധിക്കണം. മാസ ശമ്പളത്തിന്റെ പകുതിയില്‍ താഴെയായിരിക്കണം ഓരോ തവണത്തെയും തിരിച്ചടവ്.

അപേക്ഷകന്റെ സാമ്പത്തിക സ്ഥിതിയനുസരിച്ചും ബാങ്കുകളുടെ നയങ്ങള്‍ പ്രകാരവും ചില ബാങ്കുകള്‍ 50 ലക്ഷം ദിര്‍ഹം വരെ വായ്പ അനുവദിക്കാറുണ്ട്. ഓണ്‍ലൈന്‍ ലോണുകള്‍ക്ക് പൊതുവെ പലിശനിരക്കും കൂടുതലായിരിക്കും. തിരിച്ചടവിന് കൃത്യമായ മാര്‍ഗങ്ങള്‍ ഉറപ്പുവരുത്തിയാവണം ബാങ്ക് വായ്പകള്‍ സ്വീകരിക്കേണ്ടത്.

കുവൈറ്റിലെ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് ബ്രിട്ടനിലേക്ക് കുടിയേറിയ
ശേഷം തിരിച്ചടവ് മുടക്കിയ മലയാളികള്‍ക്കെതിരേ നിയമനടപടി ആരംഭിച്ചെന്ന വാര്‍ത്ത അടുത്തിടെ പുറത്തുവന്നിരുന്നു. കുവൈറ്റിലെ ഗള്‍ഫ് ബാങ്ക് ആണ് റിക്കവറി നടപടികളും നിയമനടപടികളും ആരംഭിക്കാന്‍ മാഞ്ചസ്റ്ററിലുള്ള നിയമ സ്ഥാപനത്തെ ചുമതലപ്പെടുത്തിയിരിക്കുന്നത്. വന്‍തുക ലോണെടുത്ത് യുകെയിലേക്ക് കുടിയേറിയവര്‍ക്ക് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

Previous Post Next Post