കാനഡയില്‍ മൂന്നംഗ ഇന്ത്യൻ കുടുംബം വെന്തുമരിച്ചു; തീപ്പിടുത്തമുണ്ടായത് എങ്ങനെയെന്നത് ദുരൂഹം

 


ഒട്ടാവ: ഇന്ത്യൻ വംശജരായ മൂന്നംഗ കുടുംബം ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. കാനഡയിലെ ഒന്‍റാറിയോയിലാണ് സംഭവം. രാജീവ് വരിക്കോ (51),  ശില്‍പ കോഥ (47), മഹെക് വരിക്കോ (16) എന്നിവരാണ് മരിച്ചത്.

കുടുംബം താമസിച്ചിരുന്ന വീട്ടില്‍ തീപ്പിടുത്തമുണ്ടായതാണ് മൂവരുടെയും മരണത്തിന് കാരണമായിരിക്കുന്നത്. എന്നാല്‍ എങ്ങനെയാണ് വീട്ടില്‍ തീപ്പിടുത്തമുണ്ടായത് എന്നതില്‍ ദുരൂഹത കാണുന്നുവെന്നാണ് പൊലീസ് പറയുന്നത്. 

ആദ്യം അയല്‍വാസികളാണ് തീപ്പിടുത്തമുണ്ടായതായി പൊലീസില്‍ വിവരമറിയിക്കുന്നത്. പൊലീസും മറ്റ് ഫോഴ്സും സ്ഥലത്തെത്തി തീ അണയ്ക്കാൻ തുടങ്ങുമ്പോഴേക്കും തന്നെ വീട് നല്ലരീതിയില്‍ കത്തിനശിച്ചിരുന്നുവത്രേ.

അകത്ത് എത്ര പേരുണ്ടായിരുന്നു എന്ന് പോലും മനസിലാകുന്ന അവസ്ഥയായിരുന്നില്ല. മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ മാത്രമാണ് തീപ്പിടുത്തത്തില്‍ അവശേഷിച്ചത്. അതിനാല്‍ എത്ര പേരാണ് മരിച്ചത് എന്ന് പോലും ആദ്യം ഉറപ്പിക്കാൻ സാധിച്ചിരുന്നില്ല. പിന്നീടാണ് കുടുംബത്തിലെ മൂന്ന് പേരുമാണ് മരിച്ചതെന്നത് വ്യക്തമായത്.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 15 വര്‍ഷത്തോളമായി ഇവിടെ താമസിച്ചുവരികയായിരുന്നു കുടുംബം. മറ്റ് പ്രശ്നങ്ങളൊന്നും ഇവരെ അലട്ടിയിരുന്നതായി അറിയില്ലെന്നും അയല്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 

Previous Post Next Post