മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അസ്റ്റ് ചെയ്യുമെന്ന് സൂചന. അറസ്റ്റ് നീക്കമുണ്ടായാല്‍ വന്‍ പ്രക്ഷോഭത്തിന് ഒരുങ്ങിയിരിക്കുകയാണ് ആംആദ്മി പാര്‍ട്ടി. അതേസമയം കേസില്‍ അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് കോടതിയില്‍ ഹാജരാകും. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരിട്ട് ഹാജരാകാന്‍ കഴിഞ്ഞമാസം കോടതി സമയം നീട്ടി നല്‍കിയിരുന്നു.
മദ്യനയക്കേസില്‍ ചോദ്യം ചെയ്യാന്‍ അഞ്ച് നോട്ടീസുകള്‍ ഇഡി നല്‍കിയിട്ടും കെജ്രിവാള്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് ഇഡി നല്‍കിയ അപേക്ഷയില്‍ നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഓണ്‍ലൈനായിട്ടാണ് കെജ്രിവാള്‍ റൗസ് അവന്യു കോടതിയില്‍ ഹാജരായത്.
അതേസമയം ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ബിആര്‍എസ് നേതാവ് കെ. കവിതയെ ഇഡി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ കീഴിലായിരുന്ന മദ്യ വില്‍പനയുടെ ലൈസന്‍സ് 2021ല്‍ സ്വകാര്യ മേഖലയ്ക്കു കൈമാറിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളിപ്പിച്ചെന്ന് ഉള്‍പ്പെടെയാണ് ഇ.ഡി കണ്ടെത്തിയത്. ഏതാനും മദ്യവ്യവസായികള്‍ക്ക് അനര്‍ഹമായ ലാഭം ലഭിച്ച ഇടപാടില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയും കവിതയും എഎപി നേതാവ് വിജയ് നായരും ഇടപെട്ടുവെന്നാണ് ആരോപണം.