ഹൈറിച്ച് തട്ടിപ്പിനു പിന്നാലെ മറ്റൊരു മൾട്ടിലെവൽ തട്ടിപ്പു കൂടി.


പാലക്കാട്: ഓൺലൈൻ മൾട്ടി ലെവൽ മാർക്കറ്റിംഗ് ബിസിനസുകളുടെ മറവിൽ 1000 കോടിയിലധികം തട്ടിപ്പു നടത്തിയ ഹൈറിച്ച് ഓൺലൈൻ ഷോപ്പിയ്ക്ക് പിന്നാലെ മറ്റൊരു ഓൺലൈൻ പണമിടപാട് സ്ഥാപനത്തിനെതിരെയും നിക്ഷേപകർ രംഗത്തെത്തി. കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർവി ഫേബ് ടെക്സ്റ്റൈൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരേ യാണ് നിരവധി പേർ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ടെക്സ്റ്റൈൽ, ജ്വല്ലറി ഉൾപ്പെടെ വിവിധ മേഖലകളിൽ ബിസിനസ് നടത്തുന്നുവെന്ന് പ്രചരിപ്പിച്ചാണ് സ്ഥാപനം നിക്ഷേപകരിൽ നിന്നായി പണം തട്ടിയെടുത്തത്. ഒരാളിൽ നിന്നും ചുരുങ്ങിയത് പതിനായിരം രൂപ വീതം നിക്ഷേപമായി സ്വീകരിച്ചു കൊണ്ടായിരുന്നു സ്ഥാപനത്തിന്റെ പ്രവർത്തനം. ഇത്രയും തുക നിക്ഷേപിക്കുന്നവർക്ക് മാസത്തിൽ 1800 രൂപ വീതം തിരിച്ചുനൽകുമായിരുന്നു. പത്തുമാസത്തെ കാലാവധിയിൽ 18,000 രൂപ തിരികെ നൽകുമെന്നായിരുന്നു വാഗ്ദാനം. ഇത്തരത്തിൽ ലക്ഷക്കണക്കിന് രൂപയാണ് പലരും സ്ഥാപനത്തിൽ നിക്ഷേപിച്ചത്. ഒരു വർഷത്തോളം കൃത്യമായി പണം തിരിച്ചു നൽകിയെങ്കിലും, കഴിഞ്ഞ രണ്ടു മാസമായി വിഹിതം ലഭിക്കാതെ വന്നതോടെയാണ് നിക്ഷേപകർ കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കുന്നത്. പണത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ മലേഷ്യയിൽ സ്വർണ്ണം എടുക്കാൻ പോയതാണെന്നും തിരിച്ചെത്തിയാൽ ഉടൻ പണം നൽകാമെന്നുമായിരുന്നു കമ്പനിയുടെ പ്രതികരണം. എന്നാൽ, സ്ഥാപനം അടച്ചു പൂട്ടിയ നിലയിലാണെന്  നിക്ഷേപകർ പറയുന്നു. ജീവനക്കാർ ഉൾപ്പെടെയുള്ളവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സ്ഥാപന ഉടമകളായ നോർത്ത് പറവൂർ സ്വദേശി വിനു വത്സൻ, ഭാര്യ ഋതു ജി. കൃഷ്ണ എന്നിവർ ഒളിവിലാണെന്നാണ് പണം നിക്ഷേപിച്ചവർ പറയുന്നത്. പാലക്കാട് തൃശൂർ ജില്ലകളിൽ നിന്നുള്ളവരാണ് കൂടുതൽ പണം നിക്ഷേപിച്ചിട്ടുള്ളത്.
Previous Post Next Post