പിന്തുണ ആർക്ക്? രാഷ്ട്രീയ നിലപാടിനെ ചൊല്ലി പെന്തകോസ്ത് കൂട്ടായ്മകൾ തമ്മിൽ പോര്


പത്തനംതിട്ട: രാഷ്ട്രീയ നിലപാടിനെ ചൊല്ലി പെന്തകോസ്ത് കൂട്ടായ്മകൾ തമ്മിൽ പോര്. പത്തനംതിട്ടയിൽ ആൻ്റോ ആൻ്റണിക്കെതിരെ പരസ്യ നിലപാട് എടുത്ത യുനൈറ്റഡ് പെന്തകോസ്ത് സിനഡ് എന്ന സംഘടനയ്ക്ക് പിന്നിൽ എൽഡിഎഫാണെന്ന ആക്ഷേപവുമായി പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ രംഗത്തെത്തി. ഒരു മണ്ഡലത്തിലും പെന്തകോസ്ത് സഭകൾ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചിട്ടില്ലെന്നാണ് പിസിഐ ഭാരവാഹികൾ പറയുന്നത്.

മണിപ്പൂർ വിഷയം ചൂണ്ടിക്കാട്ടി ആൻ്റോ ആൻ്റണിക്കെതിരെ യുണൈറ്റഡ് പെന്തകോസ്ത് സിനഡ് എന്ന കൂട്ടായ്മ പരസ്യ നിലപാട് പ്രഖ്യാപിച്ചു. ഇതാണ് തർക്കങ്ങളുടെ തുടക്കം. സിനാഡ് രണ്ട് മാസം മുമ്പ് തട്ടിക്കൂട്ട് സംഘടനയാണെന്നും അവർക്ക് പിന്നിൽ ഇടതുമുന്നണി നേതാക്കളാണെന്നും പെന്തകോസ്റ്റ് കൗൺസിൽ ഓഫ് ഇന്ത്യ ഭാരവാഹികൾ പറയുന്നു. സഭ ഒരു സ്ഥാനാർത്ഥിയെയും നിർത്തിയില്ലെങ്കിൽ ആർക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നുമാണ് വിശദീകരണം.

ആൻ്റോയെ തള്ളിപ്പറഞ്ഞ യുണൈറ്റഡ് പെന്തകോസ്ത് സിനഡിനെ രൂക്ഷമായി വിമർശിച്ച് യുഡിഎഫ് ആഭിമുഖ്യമുള്ള ഡെമോക്രാറ്റിക് ബിലീവേഴ്സ് ഫോറവും രംഗത്തെത്തി. ഇടതുപക്ഷം നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് യുണൈറ്റഡ് പെന്തകോസ്ത് സിനഡിൻറെ പത്രസമ്മേളനമെന്ന് അവർ പറയുന്നു. അതേസമയം ആക്ഷേപങ്ങൾ യുണൈറ്റഡ് പെന്തകോസ്ത് സിനഡ് ഭാരവാഹികൾ തള്ളി. 

പത്തനംതിട്ട പാർലമെൻ്റ് മണ്ഡലത്തിൽ നിർണ്ണായക ശക്തിയാണ് പെന്തകോസ്ത് സഭകൾ. രണ്ട് ലക്ഷത്തിനടുത്ത് വോട്ടുകളുണ്ട്. മുന്നണികൾക്കെല്ലാം ഈ വോട്ട് ബാങ്കിൽ കണ്ണുമുണ്ട്.
Previous Post Next Post