കോട്ടയം: ബിജെപിയിലേക്ക് പോവില്ലെന്ന് ആവർത്തിച്ച് ചാണ്ടി ഉമ്മൻ. അത്തരത്തിലുള്ള പ്രചരണത്തിന് മറുപടി കൊടുക്കാനാണ് തൻ്റെ അമ്മയടക്കമുള്ളവർ രംഗത്തിറങ്ങിയതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കേരളം മൊത്തം ഇതിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ പ്രചാരണത്തിന് പോലും വരാത്ത അമ്മ ഇപ്പോഴിറങ്ങാനുള്ള കാരണവും അതു തന്നെയാണ്. ഇതുകൊണ്ടൊന്നും പിണറായി സർക്കാരിനെതിരായ വികാരം മറച്ച് വെക്കാനാവില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
തുണ്ടം കണ്ടിട്ട് ഇട്ടാൽ പോലും മൂന്നു മക്കളും ബിജെപിയിലേക്ക് പോകില്ലെന്ന് ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ പ്രതികരിച്ചു. മക്കൾ പാർട്ടി വിടുമെന്ന പ്രചരണം നടക്കുമ്പോൾ അങ്ങനെ അല്ലെന്ന് തെളിയിക്കണം. അനിൽ ആൻ്റണിയും പത്മജയും ബിജെപിയിലേക്ക് പോയത് വിഷമിപ്പിച്ചു. അനിൽ ആൻ്റണി പോയതാണ് കൂടുതൽ വിഷമിപ്പിച്ചത്, എന്ന് കരുതി അവരോട് വിരോധമൊന്നുമില്ലെന്നും മറിയാമ്മ പറഞ്ഞു.
വീട്ടിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് ചാണ്ടി ഉമ്മൻ മാത്രം മതിയെന്ന് ഉമ്മൻ ചാണ്ടി തന്നെയാണ് പറഞ്ഞത്. ചാണ്ടി ഉമ്മൻ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. എങ്കിലും അർഹിക്കുന്ന പദവികൾ പോലും ചാണ്ടിക്ക് ഉമ്മൻ ചാണ്ടി നൽകിയിരുന്നില്ല. അച്ചു ഉമ്മനും തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്നും മറിയാമ്മ പറഞ്ഞു.