'ലീഗിന്റെ വോട്ടു വേണം, പതാക പാടില്ല'; കോണ്‍ഗ്രസ് സ്വന്തം പതാക പോലും ഒളിപ്പിക്കേണ്ട ഗതികേടില്‍ : മുഖ്യമന്ത്രി





കൊച്ചി: വര്‍ഗീയവാദികളെ ഭയന്ന് സ്വന്തം പാര്‍ട്ടി പതാക ഒളിപ്പിക്കേണ്ട ഗതികേടിലാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ റോഡ് ഷോയില്‍ കോണ്‍ഗ്രസ് പതാക എവിടെയും കണ്ടില്ല. പാര്‍ട്ടി പതാക ഒഴിവാക്കിയത് കോണ്‍ഗ്രസിന്റെ ഭീരുത്വമാണ്. പാര്‍ട്ടി പതാക ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. സംസ്ഥാനത്ത് എല്‍ഡിഎഫ് അനുകൂല സാഹചര്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിട്ടാണ്. കോണ്‍ഗ്രസിന്റെ ദേശീയ നേതാവ് കൂടിയാണ് അദ്ദേഹം. എന്നാല്‍ രാഹുല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ അണിനിരന്ന പ്രവര്‍ത്തകര്‍ക്കെല്ലാം എന്തുകൊണ്ടാണ് കോണ്‍ഗ്രസ് പതാക തൊട്ടുകൂടാത്തത് ആയതെന്ന് മുഖ്യമന്ത്രി ചോദിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ആദ്യമായിട്ടാണ് രാഹുല്‍ഗാന്ധി വയനാട്ടില്‍ എത്തുന്നത്. അപ്പോള്‍ കോണ്‍ഗ്രസ് പതാക ഉയര്‍ത്തിക്കാട്ടാനുള്ള ആര്‍ജവം ഇല്ലാതെ പോയത്.

കഴിഞ്ഞ തവണ വിവാദം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ലീഗിന്റെ പതാകയും കോണ്‍ഗ്രസിന്റെ പതാകയും ഒഴിവാക്കി പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ഇത് ഒരു തരം ഭീരുത്വമല്ലേ. മുസ്ലിം ലീഗിന്റെ വോട്ടു വേണം, പതാക പാടില്ല എന്ന നിലപാട് എന്തുകൊണ്ടാണ് സ്വീകരിക്കുന്നത്. ലീഗ് പതാക ലോകത്തെ കാണിക്കുന്നതില്‍ നിന്നും ഒളിച്ചോടാന്‍ സ്വന്തം പതാകയ്ക്കു പോലും അയിത്തം കല്‍പ്പിക്കുന്ന ദുരവസ്ഥയിലേക്ക് കോണ്‍ഗ്രസ് താണുപോയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആ കൊടിയുടെ ചരിത്രം അറിയുമോയെന്ന് സംശയമുണ്ട്. അറിയുന്ന ആളുകള്‍ ആ ചരിത്രം സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ സമ്പന്നമായ ചരിത്രത്തോടൊപ്പം, ആ പതാക ഉയര്‍ത്തിപ്പിടിക്കാനായി ധീരത്യാഗം ചെയ്ത ധീരദേശാഭിമാനികളെക്കൂടി കോണ്‍ഗ്രസ് മറന്നുപോയിരിക്കുന്നു. സ്വരാജ് ഫ്‌ലാഗ് എന്നു പേരിട്ട ത്രിവര്‍ണ പതാക ജാതിമതവര്‍ഗഭേദമില്ലാതെ എല്ലാ ഇന്ത്യാക്കാരെയും ഒരുപോലെ പ്രതിനിധീകരിക്കുന്നു എന്ന സങ്കല്‍പ്പമായിരുന്നു ഗാന്ധിജി മുന്നോട്ടുവെച്ചത്.

ആ പതാകയുടെ അടിസ്ഥാന സത്ത ഉള്‍ക്കൊണ്ടാണ് ഇന്ത്യയെന്ന മഹത്തായ ജനാധിപത്യ റിപ്പബ്ലിക്കിന്റെ പതാകയ്ക്ക് രൂപം നല്‍കിയതെന്നും ഓര്‍ക്കണം. ഈ പതാക ഉയര്‍ത്തിപ്പിടിക്കാന്‍ സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് പട്ടാളത്തിന്റെ കൊടിയ മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ട്. ഇതെല്ലാം കോണ്‍ഗ്രസുകാര്‍ക്ക് അറിയില്ലേ. യൂണിയന്‍ ജാക്ക് വലിച്ചുതാഴ്ത്തി ഹോഷിയാര്‍പൂര്‍ കോടതിയില്‍ ത്രിവര്‍ണപതാക കെട്ടിയപ്പോഴാണ് ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് കടപ്പുറത്ത് ഉപ്പുകുറുക്കല്‍ സമരത്തില്‍ പങ്കെടുക്കവെ സഖാവ് കൃഷ്ണപിള്ളയോട് ത്രിവര്‍ണപതാക താഴെ വെക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. തലങ്ങും വിലങ്ങും തല്ലിയിട്ടും ആ പതാക നെഞ്ചോടു ചേര്‍ത്തു പിടിക്കുകയാണ് ദീരദേശാഭിമാനിയായ കൃഷ്ണപിള്ള ചെയ്തത്. അങ്ങനെ ജ്വലിക്കുന്ന ഇന്നലെകളുള്ള പതാക പിന്നീട് കോണ്‍ഗ്രസ് സ്വന്തം കൊടിയാക്കി. എങ്കിലും അതിന്റെ ചരിത്രത്തെ നിഷേധിക്കാനാവില്ല. ആ ചരിത്രമാണ് നിര്‍ണായക തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ കോണ്‍ഗ്രസ് ബിജെപിയെ ഭയന്ന് ഒളിപ്പിച്ചു വെക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ത്രിവര്‍ണ പതാക കോണ്‍ഗ്രസ് ഉപേക്ഷിക്കണം എന്നത് സംഘപരിവാര്‍ ഉയര്‍ത്തിയ ആവശ്യമാണ്. അതിന് വഴങ്ങുകയാണോ പുതിയ കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. കേവലം തെരഞ്ഞെടുപ്പ് തന്ത്രമായി ഇതിനെ ചുരുക്കി കാണാനാവില്ല. സ്വന്തം പതാക വേണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ കോണ്‍ഗ്രസിനും ലീഗിനും അവകാശമുണ്ട്. സ്വന്തം അസ്തിത്വം പണയം വെച്ചാണ് ഇക്കൂട്ടര്‍ നില്‍ക്കുന്നതെന്ന് തിരിച്ചറിയാനും പ്രതികരിക്കാനുമുള്ള വിവേകം ജനങ്ങള്‍ക്കുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു
Previous Post Next Post